ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ തൂക്കുസഭയ്ക്കുള്ള സാധ്യത പ്രവചിച്ച് ടുഡെയ്‌സ് ചാണക്യ എക്‌സിറ്റ് പോൾ. യുഡിഎഫ് 60 മുതൽ 78 വരെ സീറ്റുകളും എൽഡിഎഫ് 55 മുതൽ 73 വരെ സീറ്റുകളും നേടാമെന്ന് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. അതേസമയം ബിജെപി 3 മുതൽ 11 സീറ്റുകൾ വരെ നേടാമെന്നും കൂടാതെ എൽഡിഎഫും യുഡിഎഫും അധികാരത്തിലേറാനുള്ള സാധ്യതയുണ്ടെന്നും എക്‌സിറ്റ് പോൾ പ്രവചിക്കുന്നു.
അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന എക്‌സിറ്റ് പോളുകളുകളെല്ലാം യുഡിഎഫ് ഭരണത്തിലേറുമെന്നാണ് പ്രവചിച്ചിരുന്നത്. ഇതിൽ നിന്നു വ്യത്യസ്തമായി എൽഡിഎഫിന് തുടർഭരണസാധ്യത നിലനിർത്തിക്കൊണ്ടുള്ള എക്‌സിറ്റ് പോൾ ഫലം ആദ്യമായാണു ഇത്തവണ പുറത്തുവരുന്നത്. എൽഡിഎഫ് 64 സീറ്റുകൾ നേടുമെന്നാണ് ടുഡെയ്‌സ് ചാണക്യയുടെ എക്‌സിറ്റ് പോൾ പ്രവചിക്കുന്നതെങ്കിലും പരമാവധി ഒൻപത് സീറ്റുകൾ അധികമായി നേടാനുള്ള സാധ്യതയും പ്രവചിക്കുന്നു. അതായത് എൽഡിഎഫ് 73 സീറ്റുകൾ വരെ നേടാമെന്നർഥം. കേവല ഭൂരിപക്ഷം മറികടന്ന് അധികാരത്തിലെത്താനുള്ള സാധ്യതയും ഈ എക്‌സിറ്റ് പോൾ പ്രവചിക്കുന്നു.
എന്നാൽ യുഡിഎഫിന് 69 സീറ്റുകളാണ് പ്രവചിക്കുന്നത്. അതേസമയം തന്നെ ഒൻപത് സീറ്റുകൾ വരെ പരമാവധി കൂടുതലായി നേടാമെന്നും പ്രവചിക്കുന്നു. അതായത് പരമാവധി യുഡിഫ് 78 സീറ്റുകൾ വരെ നേടാം. എൻഡിഎ ഏഴു സീറ്റുകൾ നേടുമെന്നുമാണ് പ്രവചനം. നാലുസീറ്റുകളുടെ വ്യത്യാസവും പ്രവചിക്കുന്നു. ആകെ യുഡിഎഫ് 40-43% വരെ വോട്ടുകളും എൽഡിഎഫ് 38-41% വരെ വോട്ടുകളും സമാഹരിക്കുമെന്നും എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. എൻഡിഎ 20-23% വരെ വോട്ടുകൾ നേടാമെന്നുമാണ് പ്രവചനം.
അതുപോലെ അസമിലും പശ്ചിമ ബംഗാളിലും ബിജെപി അധികാരത്തിലെത്തുമെന്നും ടുഡെയ്‌സ് ചാണക്യ എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. ബംഗാളിൽ ബിജെപി 181 മുതൽ 203 സീറ്റുകളും തൃണമൂൽ കോൺഗ്രസ് 89 മുതൽ 111 സീറ്റുകൾ വരെയും നേടും. അസമിൽ ബിജെപി 93 മുതൽ 111 വരെ സീറ്റുകളും കോൺഗ്രസ് 14 മുതൽ 32 വരെ സീറ്റുകളും നേടാമെന്നുമാണ് എക്‌സിറ്റ് പോൾ പ്രവചനം.
തമിഴ്‌നാട്ടിൽ ഡിഎംകെ ഭരണത്തിലേറാനുള്ള സാധ്യതയുണ്ടെന്നാണ് പ്രവചനം. ഡിഎംകെ 114 മുതൽ 136 വരെ സീറ്റുകൾ നേടാം. ടിവികെ 52 മുതൽ 74 വരെയും എഐഡിഎംകെ 34 മുതൽ 56 വരെ സീറ്റുകളും നേടാം.

















































