കൊച്ചി: നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ പാളത്തിലേക്ക് വീണ യുവതിയുടെ ശരീരത്തിലൂടെ ട്രെയിൻ കയറിയിറങ്ങി ദാരുണാന്ത്യം. കൊല്ലം സ്വദേശിനി ചിപ്പി (35)യാണ് ട്രെയിനനടിയിലേക്ക് വീണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ 5.10-ഓടെ എറണാകുളം ജങ്ഷൻ(സൗത്ത്) റെയിൽവേ സ്‌റ്റേഷനിലായിരുന്നു സംഭവം.
വഞ്ചിനാട് എക്‌സ്പ്രസ് പ്ലാറ്റ്‌ഫോമിൽനിന്ന് നീങ്ങിത്തുടങ്ങിയതിന് പിന്നാലെ യുവതി ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, കാൽവഴുതി പാളത്തിലേക്ക് വീഴുകയും യുവതിയുടെ ശരീരത്തിലൂടെ ട്രെയിൻ കയറിയിറങ്ങുകയുമായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ യുവതി മരിച്ചു.
പിന്നീട് ബാഗിൽനിന്ന് കിട്ടിയ തിരിച്ചറിയൽ കാർഡുകളും മറ്റും പരിശോധിച്ചാണ് പോലീസ് യുവതിയെ തിരിച്ചറിഞ്ഞത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം വൈകിട്ടോടെ മൃതേദഹം ബന്ധുക്കൾക്ക് വിട്ടുനൽകി. അപകടത്തെത്തുടർന്ന് തിരുവനന്തപുരത്തേക്കുള്ള വഞ്ചിനാട് എക്‌സ്പ്രസ് ഒരുമണിക്കൂറോളം വൈകിയാണ് എറണാകുളത്തുനിന്ന് പുറപ്പെട്ടത്.
















































