ചെന്നൈ: നടൻ രവി മോഹനെന്ന ജയം രവിക്കെതിരെ ഒളിയമ്പുമായി ഭാര്യ ആരതി. നടനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള ഇൻസ്റ്റാഗ്രാം സ്റ്റോറി സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായി മാറിയിരിക്കുകയാണ്. . തമിഴ് സിനിമയിലെ പ്രമുഖ താരങ്ങളുടെ അഭിനയത്തേക്കാൾ വലുതാണ് തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന വ്യക്തിയുടെ അഭിനയമെന്നാണ് ആരതി താരതമ്യം ചെയ്തത്. “സൂര്യ, അജിത്ത്, വിക്രം, കമൽ എന്നിവരേക്കാളൊക്കെ ഭംഗിയായിട്ടാണ് എന്റെ ജീവിതത്തിലേക്ക് വന്ന ആ വ്യക്തി അഭിനയിച്ചത്. അദ്ദേഹത്തിന്‍റെ അഭിനയത്തിന് ഒരു ഓസ്കർ അവാർഡ് തന്നെ നൽകാം” എന്നായിരുന്നു ആരതിയുടെ സ്റ്റോറി. ജയം രവിയുടെ പേര് പരാമര്‍ശിച്ചിട്ടില്ലെങ്കിലും ആരതിയുടെ വാക്കുകൾ അദ്ദേഹത്തെ ലക്ഷ്യം വച്ചിട്ടുള്ളതാണെന്ന് നെറ്റിസൺസ് ചൂണ്ടിക്കാട്ടുന്നു.
ജയം രവിയുമായുള്ള വിവാഹമോചന കേസ് കോടതിയിൽ തുടരുന്നതിനിടെയാണ് ആരതിയുടെ പരാമര്‍ശം. 2009 ജൂണ്‍ 4നായിരുന്നു നിര്‍മാതാവായ സുജാത വിജയകുമാറിന്റെ മകളായ ആരതിയും ജയം രവിയും വിവാഹിതരാകുന്നത്. പ്രശസ്ത തമിഴ് ചലച്ചിത്ര എഡിറ്ററായ മോഹന്‍റെ മകനാണ് ജയംരവി. വര്‍ഷങ്ങളായി തന്നെ ഒരു അടിമയെപ്പോലെയാണ് ആരതിയും കുടുംബവും കരുതിയിരുന്നതെന്നും അനാവശ്യമായ അപമാനം തനിക്ക് സഹിക്കാൻ കഴിയുന്നതെല്ലെന്നും ജയം രവി പറഞ്ഞിരുന്നു. നിയമപരമായി വിവാഹമോചനം നേടുന്നതു വരെ താൻ ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് ജയം രവി വ്യക്തമാക്കിയിരുന്നു. ”ഇത്രയും കാലം ഞാനൊന്നും തുറന്നുപറഞ്ഞില്ല, പക്ഷെ ഇനി അതില്ല, എല്ലാം തുറന്നുപറയാനുള്ള സമയമായി.
ഞാനൊരു പാവമാണ്, സാധുവാണെന്നാണ് എല്ലാവരും കരുതുന്നത്. അങ്ങനെ തന്നെയായിരുന്നു ഞാൻ. പക്ഷെ ഇപ്പോൾ അങ്ങനെയല്ല. എപ്പോഴും സൌമ്യനായിരിക്കുന്ന ഒരാൾ ദേഷ്യപ്പെട്ടാൽ സഹിക്കാൻ പ്രയാസമാണ്. എന്നാൽ എല്ലാവരും എന്‍റെ ക്ഷമയെ പരീക്ഷിക്കുകയാണ് .വിവാഹമോചനം നേടുന്നതുവരെ ഞാൻ അഭിനയിക്കില്ല. എന്ന് അത് സാധ്യമാകുന്നോ എന്‍റെ ജീവിതം വീണ്ടും സാധാരണമാകും… ഈ സൈബർ ആക്രമണം അവസാനിക്കുമ്പോൾ ഞാൻ തിരിച്ചുവരും.” എന്നും അദ്ദേഹം പറഞ്ഞിരുന്നു. തന്‍റെ അറിവോ സമ്മതമില്ലാതെയാണ് വിവാഹമോചനമെന്നായിരുന്നു ആരതിയുടെ പ്രതികരണം.






