തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പ്രചരിച്ച ചിത്രം തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശി ദാമോദര മേനോന്റേതാണെന്ന് കേരള പോലീസ് സ്ഥിരീകരിച്ചു. പ്രചരിക്കുന്നത് സുകുമാരക്കുറുപ്പിന്റെ ചിത്രമല്ലെന്നും ദാമോദര മേനോന്റേതാണെന്നാണ് പ്രാഥമിക നിഗമനമെന്നും സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി. ബിജോയ് തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
ദാമോദര മേനോന്റെ പേരിൽ കരുമത്രയിൽ പത്ത് സെന്റ് ഭൂമിയുള്ളതായി പോലീസ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട രേഖകളും പോലീസ് പരിശോധിച്ചു. പ്രചരിച്ച ചിത്രം ദാമോദര മേനോന്റേതാണെന്ന് കുടുംബാംഗങ്ങളും സ്ഥിരീകരിച്ചതായി പോലീസ് അറിയിച്ചു.
ദാമോദര മേനോനുമായി സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി. ഫോണിൽ സംസാരിക്കുകയും ചെയ്തു. ആരോഗ്യപ്രശ്നങ്ങളുള്ള അദ്ദേഹം നാട്ടിലേക്ക് തിരിച്ചെത്താൻ ശ്രമിക്കുകയാണെന്ന് അറിയിച്ചതായും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.
അതേസമയം, 42 വർഷമായി പോലീസ് അന്വേഷിക്കുന്ന ചാക്കോ വധക്കേസ് പ്രതി സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ള ഒരാളെക്കുറിച്ച് പോലീസിന് നേരത്തെ നിരവധി അനൗദ്യോഗിക വിവരങ്ങൾ ലഭിച്ചിരുന്നു. മലേഷ്യയിലും ഇന്തോനേഷ്യയിലുമുള്ള ഇന്ത്യക്കാരാണ് ചില ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ കൈമാറിയത്.
സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പോലീസ് ശേഖരിച്ച പാസ്‌പോർട്ടും ദാമോദര മേനോന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ദാമോദര മേനോന്റെ സഹോദരൻ കരുണാകരനാണ് ഇക്കാര്യം നേരത്തെ വ്യക്തമാക്കിയത്.
ഏകദേശം 40 വർഷം മുമ്പാണ് ദാമോദര മേനോൻ മലേഷ്യയിലേക്ക് പോയത്. അവിടെവെച്ച് പാലക്കാട് സ്വദേശിനിയെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. നിലവിൽ അപകടത്തിൽപ്പെട്ട് ചികിത്സയിലുള്ള ദാമോദര മേനോൻ നാട്ടിലെ കുടുംബാംഗങ്ങളുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നും സഹോദരൻ പറഞ്ഞു. ഒരു മാസം മുമ്പും വീട്ടിലേക്ക് വിളിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
പുറത്തുവന്ന ചിത്രവും മറ്റ് വിവരങ്ങളും സുകുമാരക്കുറുപ്പുമായി ബന്ധപ്പെട്ടതാണോ എന്ന സംശയത്തിന് ഇതോടെ വ്യക്തത വന്നതായാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ കൂടുതൽ പരിശോധനകൾ തുടരുകയാണ്.






