ഇസ്ലാമാബാദ്: അമേരിക്കയുമായുള്ള ചർച്ചയ്ക്ക് മുന്നോടിയായി തങ്ങളുടെ നിലപാടുകൾ മധ്യസ്ഥരായ പാക്കിസ്ഥാനെ അറിയിച്ച് ഇറാൻ പ്രതിനിധി സംഘം. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ നേതൃത്വത്തിലുള്ള സംഘം പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെയും സൈനിക മേധാവി അസിം മുനീറിനെയും കണ്ട് തങ്ങളുടെ നിലപാട് അറിയിക്കുകയായിരുന്നു. അതിൽ യുഎസ്- ഇറാൻ യുദ്ധം അവസാനിക്കേണ്ടത് യുഎസ് മുന്നോട്ട് വെക്കുന്ന നിബന്ധകൾക്ക് അനുസൃതമായിരിക്കരുതെന്നും തങ്ങളുടെ നിബന്ധനകളാണ് പരിഗണിക്കേണ്ടതെന്നും അറിയിച്ചതായാണ് വിവരം.
മാത്രമല്ല യുദ്ധ ചർച്ചകൾക്ക് പുറമെ പാക്കിസ്ഥാനുമായുള്ള ബന്ധത്തേയും പ്രാദേശിക പ്രശ്‌നങ്ങളെയും കുറിച്ചും ഇരുരാജ്യങ്ങളും ചർച്ച നടത്തിയെന്നും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാക് പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ അവരുടെ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇസ്ഹാഖ് ദറും പങ്കെടുത്തിരുന്നു.
യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്രത്തെക്കുറിച്ചും പ്രാദേശിക സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ അറിയിച്ചു. അതേസമയം ഇന്നലെയാണ് ഇറാൻ പ്രതിനിധി സംഘം പാക്കിസ്ഥാനിലെത്തിയത്. യുഎസുമായി നേരിട്ടുള്ള ചർച്ച സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും യുഎസ് പ്രതിനിധി സംഘം പാക്കിസ്ഥാനിലേക്ക് തിരിച്ചതായാണ് അറിയുന്നത്. യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്‌നറുമാണ് പാക്കിസ്ഥാനിലേക്ക് തിരിക്കുന്നതെന്ന് വൈറ്റ്ഹൗസ് അറിയിയിച്ചു.
അതേസമയം ചർച്ചാ സാധ്യതകൾക്കിടെ യുഎസിന് മുന്നറിയിപ്പുമായി ഇറാൻ പ്രതിരോധ സേന രംഗത്തെത്തിയിട്ടുണ്ട്. യുഎസ് നാവിക ഉപരോധം തുടർന്നാൽ ഇറാന്റെ ഭാഗത്തുനിന്ന് ശക്തമായ പ്രതിരോധമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ‘ഇറാന്റെ സായുധ സേനയ്ക്ക് രാജ്യത്തിന്റെ പരമാധികാരം, അതിർത്തി, ദേശീയ താൽപ്പര്യങ്ങൾ എന്നിവ സംരക്ഷിക്കാൻ മുമ്പത്തേക്കാൾ കൂടുതൽ ശക്തിയും സന്നദ്ധതയും ഉണ്ടെന്ന് അമേരിക്ക തിരിച്ചറിയണം, ഇറാനിയൻ സൈന്യത്തിന്റെ ആക്രമണശേഷി അമേരിക്കൻ സൈന്യം ഇതിനകം അനുഭവിച്ചിട്ടുണ്ട്.’ ഖത്തം അൽ-അൻബിയ സെൻട്രൽ ആസ്ഥാനം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.














































