ടെഹ്‌റാൻ: പശ്ചിമേഷ്യൻ സംഘർഷം ആറുമാസം പിന്നിടുന്നതിനിടെ അമേരിക്കയ്ക്ക് വ്യക്തമായ സന്ദേശവുമായി ഇറാൻ. നയതന്ത്രബന്ധങ്ങൾ വീണ്ടും ശരിയായ പാതയിലേക്ക് കൊണ്ടുവരുന്നത് അസാധ്യമല്ലെന്നും എന്നാൽ അതിന് അമേരിക്ക ആദ്യം സമ്മർദ്ദതന്ത്രം ഉപേക്ഷിക്കണമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. സമ്മർദ്ദം ചെലുത്തുന്ന സമീപനം ഫലം ചെയ്യില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്‌മാൻ അൽത്താനി ഇറാൻ സന്ദർശിച്ചതിന് പിന്നാലെയാണ് അരാഗ്ചിയുടെ പ്രതികരണം. ഇറാൻ-അമേരിക്ക സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള മധ്യസ്ഥശ്രമങ്ങളുടെ ഭാഗമായാണ് ഖത്തർ പ്രധാനമന്ത്രി ടെഹ്‌റാനിലെത്തിയത്.
ഖത്തർ പ്രധാനമന്ത്രിയുമായി ക്രിയാത്മകമായ ചർച്ചകൾ നടത്തിയതായി അരാഗ്ചി വ്യക്തമാക്കി. നയതന്ത്രബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നതിന് അമേരിക്ക ചില കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. സമ്മർദ്ദം ചെലുത്തുന്ന നയം ഉപേക്ഷിച്ച് വിശ്വാസം വളർത്താനും ആദരവോടെ സംസാരിക്കാനും ഇറാന്റെ അവകാശങ്ങൾ അംഗീകരിക്കാനും നൽകിയ വാഗ്ദാനങ്ങൾ പാലിക്കാനും അമേരിക്ക തയ്യാറാകണമെന്നാണ് അരാഗ്ചിയുടെ നിലപാട്. ഇക്കാര്യം അദ്ദേഹം എക്‌സിലെ കുറിപ്പിൽ വ്യക്തമാക്കി.
ഈ വർഷം ഫെബ്രുവരി അവസാനത്തോടെ അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കുന്നതിനായി പാകിസ്താൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തിൽ മാസങ്ങളായി നയതന്ത്രശ്രമങ്ങൾ തുടരുകയാണ്. എന്നാൽ ഇതുവരെ കാര്യമായ പുരോഗതി കൈവരിക്കാനായിട്ടില്ല.
ഏപ്രിലിൽ ഇരുപക്ഷവും വെടിനിർത്തലിൽ എത്തിയിരുന്നു. ജൂണിൽ അന്തിമ സമാധാനകരാറിനുള്ള ധാരണാപത്രത്തിലും ഒപ്പുവെച്ചെങ്കിലും സമാധാനകരാർ യാഥാർഥ്യമായിട്ടില്ല. നിലവിൽ ഇറാനുമേൽ സാമ്പത്തിക സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി അമേരിക്ക ഉപരോധ നടപടികൾ തുടരുകയാണ്.
അതേസമയം, നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കുന്നതിനുള്ള ശ്രമങ്ങൾ മധ്യസ്ഥരാജ്യങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഒമാൻ, പാകിസ്താൻ എന്നീ രാജ്യങ്ങളുമായി ഒരാഴ്ച നീണ്ട ചർച്ചകൾ നടത്തിയ ശേഷമാണ് ഖത്തർ പ്രധാനമന്ത്രി ടെഹ്‌റാനിലെത്തി അരാഗ്ചിയുമായി കൂടിക്കാഴ്ച നടത്തിയത്.






