കുവൈറ്റ് സിറ്റി: യുഎസ് നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി ഗൾഫ് രാജ്യങ്ങളിലെ യുഎസ് കേന്ദ്രങ്ങൾ തെരഞ്ഞ് പിടിച്ച് ആക്രമിച്ച് ഇറാൻ. കുവൈറ്റിലെയും ബഹ്റൈനിലെയും യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ തിങ്കളാഴ്ചയും ആക്രമണം നടത്തി. കുവൈറ്റിലെ അലി അൽ-സലേം വ്യോമതാവളത്തിലെ ഇന്ധന ടാങ്കുകളും പാട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനങ്ങളും ഇറാൻ തകർത്തതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) അറിയിച്ചു. അമേരിക്കയുടെ സൈനിക നടപടികൾക്ക് മറുപടിയായി ഇറാന്റെ കണ്ണിന് പകരം കണ്ണ് എന്ന പ്രത്യാക്രമണ പരമ്പരയുടെ മൂന്നാം ഘട്ടമാണ് ഇപ്പോൾ നടക്കുന്നതെന്നും ഐആർജിസി പറഞ്ഞു.
അഹമ്മദ് അൽ-ജാബർ വ്യോമതാവളത്തിലെ തന്ത്രപ്രധാനമായ എഫ്‌പിഎസ് റഡാർ സംവിധാനവും ആക്രമിക്കപ്പെട്ടു. കുവൈറ്റ് ഓയിൽ കമ്പനിയുടെ എണ്ണഖനന കേന്ദ്രത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. കുവൈറ്റിന്റെ വടക്കൻ അതിർത്തികളിലേക്കും ഇറാൻ ആക്രമണം വ്യാപിപ്പിച്ചു.
ബഹ്റൈനിലെ ശൈഖ് ഇസാ വ്യോമതാവളത്തിൽ ഹെലികോപ്റ്റർ അറ്റകുറ്റപ്പണി കേന്ദ്രം, പി-8 വിമാന ഹാങ്കർ, ഡ്രോൺ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ എന്നിവ തകർത്തതായി ഐആർജിസി അറിയിച്ചു. ഇതിനുപുറമെ ജോർദാനിലെ യുഎസ് സൈനിക കേന്ദ്രത്തിന് നേരെയും ആക്രമണമുണ്ടായതായി റിപ്പോർട്ട്
അതേസമയം ഇറാനിലെ ബന്ദർ അബ്ബാസ്, ഖുഷം എന്നിവിടങ്ങളിലായി പന്ത്രണ്ടോളം കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ ആക്രമണങ്ങൾക്കുള്ള മറുപടിയാണിതെന്നാണ് ഇറാൻ പറയുന്നത്. ഫൈറ്റർ ജെറ്റുകളും യുദ്ധക്കപ്പലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയ ഈ ആക്രമണത്തിൽ ഇറാന്റെ മിസൈൽ പ്രതിരോധ സംവിധാനങ്ങളും ദക്ഷിണതീരത്തെ റഡാർ കേന്ദ്രങ്ങളും ഡ്രോൺ കേന്ദ്രങ്ങളും തകർത്തതായി യുഎസ് അവകാശപ്പെട്ടിരുന്നു. ഹോർമുസ് കടക്കാൻ ശ്രമിക്കുന്ന വാണിജ്യ കപ്പലുകൾക്കെതിരെ ഇറാൻ ആക്രമണങ്ങൾ നടത്തുന്നെന്ന് ആരോപിച്ചാണ് അമേരിക്ക വീണ്ടും സംഘർഷത്തിനു തുടക്കമിട്ടത്.
ഇതിനിടെ ഇറാൻ ഭരണകൂടത്തിനുള്ളിൽ ഭിന്നത പ്രകടമാണെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. നയതന്ത്ര ചർച്ചകൾ വേണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോൾ പ്രതികാരം വേണമെന്ന നിലപാടിലാണ് ഐആർജിസി. മാത്രമല്ല നിലവിലെ ആത്മീയ നേതാവായ മൊജ്താബ ഖമനേയിയും ‘രക്തത്തിന് പകരം രക്തം’ എന്ന നിലപാടിലാണ്.


















































