ടെഹ്റാൻ: മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തെ തുടർന്നുള്ള പൊതുവിലാപ ചടങ്ങുകൾക്കായുള്ള ഒരുക്കങ്ങൾ ഇറാനിൽ ആരംഭിച്ചതായി റിപ്പോർട്ടുകൾ മൂന്ന് ദിവസത്തെ ചടങ്ങുകൾ നടത്താനാണ് തീരുമാനം. എന്നാൽ, ചടങ്ങുകളുടെ ഔദ്യോഗിക തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അമേരിക്കയുമായി സമാധാന ധാരണ പ്രതീക്ഷിക്കുന്നതിനാൽ, തീയതി പ്രഖ്യാപിക്കുന്നത് ഇതിന് ശേഷമാകാനാണ് സാധ്യത.
ഷിയാ മുസ്ലിംകൾക്ക് ഏറെ പ്രാധാന്യമുള്ള മുഹറം മാസത്തോടനുബന്ധിച്ചായിരിക്കും പരിപാടികൾ നടക്കുകയെന്ന സൂചനകളാണ് പുറത്തുവരുന്നത്.
രാജ്യത്തിന്റെ തലസ്ഥാനമായ ടെഹ്റാനിനൊപ്പം ഖോം, മഷ്ഹദ് എന്നീ നഗരങ്ങളിലും വിലാപയാത്രകൾ സംഘടിപ്പിക്കാനാണ് ആലോചന. ഇറാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പൊതുചടങ്ങുകളിലൊന്നായി ഇത് മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒന്നരക്കോടി മുതൽ രണ്ടുകോടി വരെ ആളുകൾ പങ്കെടുക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
ഇറാനിൽ ആത്മീയവും രാഷ്ട്രീയവുമായ സ്വാധീനമുള്ള നേതാക്കളുടെ സംസ്കാരച്ചടങ്ങുകൾ സാധാരണയായി വലിയ ജനപങ്കാളിത്തത്തിനും വികാരനിർഭരമായ രംഗങ്ങൾക്കും സാക്ഷ്യം വഹിക്കാറുണ്ട്. അതിനാൽ ഖമനെയിയുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കും രാജ്യത്തിനകത്തും പുറത്തും വലിയ ശ്രദ്ധ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഖബറടക്കത്തിന്റെ സ്ഥലം സംബന്ധിച്ചും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. എന്നിരുന്നാലും മഷ്ഹദിലായിരിക്കും ഖബറടക്കം നടക്കുകയെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. സുരക്ഷാ സാഹചര്യങ്ങളും രാഷ്ട്രീയ പ്രാധാന്യവും കണക്കിലെടുത്ത് അന്തിമ തീരുമാനങ്ങൾ അതീവ രഹസ്യമായാണ് കൈകാര്യം ചെയ്യുന്നത്.

















































