ന്യൂഡൽഹി: പൂനെയ്ക്ക് സമീപമുള്ള ലോഹഗഡ് കോട്ടയിൽ കേതൻ അഗർവാൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പോലീസ് എഫ്‌ഐആർ പുറത്ത്. കേതനെ സിയ ഗോയലും അവളുടെ കാമുകൻ ചേതൻ ചൗധരിയും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന ഗുരുതര ആരോപണങ്ങളാണ് എഫ്ഐആറില്ഡ ഉൾപ്പെടുത്തിയിരിക്കുന്നത്.
കേതന്റെ പിതാവ് വിശാൽ ദേവിച്ചന്ദ് അഗർവാൾ ജൂൺ 23-നാണ് മകനെ കൊലപ്പെടുക്കിയതെന്നു കാണിച്ച് പരാതി നൽകിയത്. എഫ്‌ഐആറിൽ പറയുന്നതനുസരിച്ച്, വധത്തിന് മുമ്പ് സിയയുടെ പെരുമാറ്റത്തിൽ കാര്യമായ മാറ്റം ഉണ്ടായിരുന്നുവെന്നാണ് കേതൻ കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നത്. ചെറിയ കാര്യങ്ങൾക്കുപോലും വികാരാധീനമായി പ്രതികരിക്കുകയും പതിവായി വഴക്കിടുകയും ചെയ്തിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. പ്രത്യേകിച്ച് ജൂൺ 4-ന് ലോഹഗഡ് കോട്ടയിലേക്കുള്ള യാത്ര റദ്ദായത് സിയയെ ഏറെ പ്രകോപിപ്പിച്ചതായി വ്യക്തമാക്കുന്നു. തുടർന്ന് അവിടെ പോകണമെന്ന ആവശ്യം അവൾ ആവർത്തിച്ച് ഉന്നയിച്ചു.
ജൂൺ 17-നുള്ള രാത്രി, അടുത്ത ദിവസം യാത്രയ്ക്ക് പോകാൻ കുടുംബത്തിന്റെ അനുമതി നേടുന്നതിനായി സിയ കേതനെ വാട്ട്‌സ്ആപ്പിലൂടെ ബന്ധപ്പെട്ടു. തന്റെ ജന്മദിനം അടുത്തതായി വരുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് അവൾ യാത്ര നിർബന്ധിതമാക്കിയതെന്നാണ് ആരോപണം. ആദ്യം കേതന്റെ അമ്മ രാഖി അഗർവാൾ യാത്രയ്ക്ക് അനുമതി നിഷേധിച്ചെങ്കിലും സിയ നേരിട്ട് സംസാരിച്ചതോടെ അവർ തീരുമാനത്തിൽ മാറ്റം വരുത്തി.
ജൂൺ 18-നു രാവിലെ കേതൻ വീട്ടിൽ നിന്ന് പുറപ്പെട്ടു. തുടർന്ന് പൂനെ–മുംബൈ ഹൈവേയിലെ കിവാലെ പാലത്തിന് സമീപത്ത് നിന്ന് സിയയെ കൂട്ടിക്കൊണ്ടാണ് ലോഹഗഡിലേക്ക് പോയത്. രാവിലെ ഏകദേശം 10.45ഓടെ സിയ കേതന്റെ അമ്മയെ വിളിച്ച് മകൻ അപകടത്തിൽ പെട്ട് താഴ്വരയിലേക്ക് വീണുവെന്ന് അറിയിച്ചു. നാട്ടുകാരും പോലീസും ചേർന്ന് നടത്തിയ തിരച്ചിലിൽ കേതനെ താഴ്വരയിൽ നിന്ന് കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
എന്നാൽ ജൂൺ 21-ന് കേതന്റെ കുടുംബവും സുഹൃത്തുക്കളും ചേർന്ന് സംഭവസ്ഥലം സന്ദർശിച്ചപ്പോൾ ഇത് സാധാരണ അപകടമല്ലെന്ന നിഗമനത്തിലെത്തി. സ്ഥലത്തിന്റെ ഭൗമശാസ്ത്രപരമായ സ്വഭാവം കണക്കിലെടുത്താൽ അപ്രതീക്ഷിതമായി വഴുതി വീഴാനുള്ള സാധ്യത വളരെ കുറവാണെന്ന് അവർ വിലയിരുത്തി. കേതന്റെ സുഹൃത്തുക്കളായ നവദീപ് ജിന്ദാൽ, തരുണ് മിത്തൽ എന്നിവർ സ്ഥലപരിശോധനയിൽ പങ്കെടുത്തു.
ഇതിനിടെ സിയയുടെ ഫോൺ സ്ഥിരമായി ബിസിയായിരുന്നുവെന്നും സുഹൃത്ത് ചേതൻ ചൗധരിയെക്കുറിച്ച് അവൾ നിരന്തരം പരാമർശിച്ചിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സിയക്കും ചേതനും തമ്മിൽ പ്രണയബന്ധമുണ്ടായിരുന്നുവെന്നും, ആ ബന്ധത്തിന് കേതൻ തടസമായതിനാലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും എഫ്‌ഐആറിൽ പറയുന്നു.
ഫെബ്രുവരിയിലായിരുന്നു കേതനും സിയയും തമ്മിലുള്ള നിശ്ചയം നടത്തിയത്. ജൂൺ 6-ന് ബാലിയിലേക്ക് പ്രീ-വെഡിംഗ് ഫോട്ടോഷൂട്ടിനായി പോകാനിരുന്നെങ്കിലും കേതന് പാസ്‌പോർട്ട് ലഭിക്കാത്തതിനാൽ യാത്ര റദ്ദാക്കിയിരുന്നു. ഇതും ഇരുവരും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ സംഘർഷങ്ങൾക്ക് കാരണമായിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
ലോണാവല റൂറൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള വിവിധ വകുപ്പുകൾ ചുമത്തി. കേസുമായി ബന്ധപ്പെട്ട് സിയയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യാൻ പോലീസ് വിളിപ്പിച്ചിട്ടുണ്ട്. കൂടാതെ, കഴിഞ്ഞ ദിവസം അവളുടെ സഹോദരൻ സാഹിൽ ഗോയലിനെ ഏകദേശം പത്ത് മണിക്കൂർ ചോദ്യം ചെയ്തതായും സ്ഥിരീകരിച്ചിട്ടുണ്ട്.
അന്വേഷണം ഇപ്പോൾ പ്രാഥമിക ഘട്ടത്തിലാണ്. ഇതുവരെ ആവശ്യമായവരുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. എസ്പിയുടെ നിർദേശപ്രകാരം നിരവധി സംഘങ്ങൾ രൂപീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്- പോലീസ് ഉദ്യോഗസ്ഥൻ ഗജാനൻ തോംപെ വ്യക്തമാക്കി. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതോടെ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് പോലീസ് അറിയിച്ചു.














































