മുംബൈ: വീണ്ടും വിവാദത്തിലായി ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ മത്സരാര്‍ത്ഥി. പുരുഷന്മാരുടെ ഈഗോ തകർക്കുന്നത് ഇഷ്ടമാണെന്നും താൻ പുരുഷവിദ്വേഷിയാണെന്നും പ്രഖ്യാപിച്ച് ബിഹാറിൽ നിന്നുള്ള അധ്യാപികയും കണ്ടെന്റ് ക്രിയേറ്ററുമായ സാക്ഷി ഝായാണ് വിവാദത്തിലായത്. ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ ഷോയുടെ ഏറ്റവും പുതിയ എപ്പിസോഡിലാണ് ഓഡിഷനിലെത്തിയ സാക്ഷിയുടെ പ്രതികരണം. സ്വന്തം വീട്ടിലെ പുരുഷന്മാരോടുപോലും തനിക്ക് ഈ വിദ്വേഷമുണ്ടെന്നും സാക്ഷി തുറന്നടിച്ചു.
ഓഡിഷൻ അവസാനിച്ചപ്പോളേക്കും ഈ സീസണിൽ ഏറ്റവും വൈറലായ വ്യക്തിയായി സാക്ഷി മാറി. സാക്ഷി ഝായുടെ ഓഡിഷനിലെ പരാമർശങ്ങൾ നിലവിൽ ഇന്റർനെറ്റിൽ കനത്ത പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. സാക്ഷി ഓഡിഷൻ ഫോമിൽ ജീവിത ലക്ഷ്യമായി ‘ഭർത്താവിനെ മദ്യം കുടിപ്പിച്ചു തല്ലണം’ എന്ന് എഴുതിവെച്ചതും ഏറെ വിവാദങ്ങളുണ്ടാക്കി. തന്റെ ഈ ചിന്തകൾക്ക് കാരണം ‘ജനറേഷണൽ ട്രോമയാണെന്ന് അവൾ പറഞ്ഞു.
തുടർന്ന് പാനലിലുണ്ടായിരുന്ന വിധികർത്താക്കളായ തന്മയ് ഭട്ട്, വിശാൽ ദദ്ലാനി, രഘു റാം, യാഷ്രാജ് മെഹ്‌റ എന്നിവർ അവളുടെ നിലപാടുകളെ ചോദ്യം ചെയ്തു. അച്ഛനോടുള്ള മനോഭാവത്തെക്കുറിച്ച് ചോദിച്ചപ്പോൾ, അച്ഛനെയും മുത്തശ്ശനെയും സഹോദരനെയും തനിക്ക് വെറുപ്പാണെന്നാണ് അവൾ പറഞ്ഞത്. ഇതോടെ വിധികർത്താക്കൾ ഒന്നടങ്കം വിയോജിപ്പ് പ്രകടിപ്പിക്കുകയും സാക്ഷിക്ക് മാർക്ക് നൽകേണ്ട ഘട്ടത്തിൽ ചരിത്രത്തിലാദ്യമായി എല്ലാ വിധികർത്താക്കളും ‘പൂജ്യം’ മാർക്ക് നൽകുകയും ചെയ്തു. ഈ നാടകീയ രംഗങ്ങൾ അവിടെയും തീർന്നില്ല. കാണികളോട് ഈ പ്രകടനത്തിന് എത്ര മാർക്ക് നൽകുമെന്ന് സമയ് റെയ്‌ന ചോദിച്ചപ്പോൾ, കാണികൾ ഒന്നാകെ ‘പൂജ്യം’ എന്ന് വിളിച്ചുപറഞ്ഞു. ഇതോടെ ഷോയുടെ ചരിത്രത്തിൽ ആദ്യമായി സമ്പൂർണ്ണ പൂജ്യം മാർക്ക് വാങ്ങി വേദിയിൽ നിന്ന് ഇറങ്ങിപ്പോകേണ്ടി വന്ന മത്സരാർത്ഥിയായി സാക്ഷി .

















































