ബെംഗളൂരു: വീട്ടിനുള്ളിൽ ഭർത്താവിനെയും പിഞ്ചുമകനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. കുടുംബവഴക്കിനിടെ ഭർത്താവിനെയും മകനെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന കേസിലാണ് ബെംഗളൂരു സ്വദേശിനിയായ ഹരിണിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ആദ്യഘട്ടത്തിൽ ചോദ്യം ചെയ്യലിനോട് ഹരിണി സഹകരിച്ചിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച രാവിലെയാണ് ഗട്ടേ ഭാസവേശ്വർ നഗറിലെ വീട്ടിൽ 34കാരനായ അഭിനന്ദനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും ചെവിയിൽനിന്ന് രക്തം വന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതോടെയാണ് മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന സംശയം പൊലീസിനുണ്ടായത്.
ബന്ധുവീട്ടിൽ വിരുന്നിനെത്തി മടങ്ങിയതിന് പിന്നാലെയാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക വിവരം. മടങ്ങുന്നതിനിടെ ഹരിണിയും അഭിനന്ദനും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നതായും പൊലീസ് പറയുന്നു. വീട്ടിലെത്തിയ ശേഷം ഇരുവരും രണ്ട് മുറികളിലായി കിടന്നുറങ്ങുകയായിരുന്നു.
സംഭവത്തിൽ കൂടുതൽ ദുരൂഹത ഉയർത്തുന്നതാണ് വീട്ടിലെ സി.സി.ടി.വി ക്യാമറകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ കണ്ടെത്തിയത്. ക്യാമറകൾ മനഃപൂർവം പ്രവർത്തനരഹിതമാക്കിയതാണോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.
അതേസമയം, ഹരിണിയുടെ കുടുംബപശ്ചാത്തലത്തെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. രണ്ട് മാസം മുൻപ് ഹരിണി വിനയ് എന്നയാളോടൊപ്പം വീട് വിട്ടുപോയിരുന്നുവെന്നും പിന്നീട് തിരിച്ചെത്തി അഭിനന്ദനൊപ്പം താമസിക്കുകയായിരുന്നുവെന്നും അഭിനന്ദന്റെ അമ്മ ഭാഗ്യാമ്മ ആരോപിച്ചു.
സംഭവത്തിന് പിന്നിലെ കൃത്യമായ കാരണം, കൊലപാതകം നടന്ന സാഹചര്യങ്ങൾ, സി.സി.ടി.വി ക്യാമറകൾ ഓഫ് ചെയ്തതിന്റെ കാരണം എന്നിവ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്.






