തിരുവനന്തപുരം: നിയമസഭയിൽ വിലക്കയറ്റത്തിന്മേലുള്ള അടിയന്തര പ്രമേയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ട സാഹചര്യം നിലവിലില്ലെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. വിലക്കയറ്റത്തിൻറെ പശ്ചാത്തലത്തിൽ മുൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിനുള്ള അവതരണാനുമതി നിഷേധിച്ചു കൊണ്ടായിരുന്നു സ്പീക്കറുടെ മറുപടി. ഇതോടെ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.
ഇതിനിടെ സംസ്ഥാനത്തിൻറെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കുന്ന ‘ധവളപത്രം’ സർക്കാർ ഉടൻ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ സഭയെ അറിയിച്ചു. എന്നാൽ മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയ്ക്കെതിരെ കടുത്ത ഭാഷയിൽ മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. സർക്കാരിൻറെ ഇത്തരം ‘ഉമ്മാക്കി’ കണ്ട് ആരും പേടിക്കില്ലെന്ന് പിണറായി വിജയൻ പറഞ്ഞു.
അതേസമയം ഇന്ധനവില വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ചുമത്തുന്ന നികുതി വിഹിതമെങ്കിലും ഇളവ് ചെയ്ത് ജനങ്ങളുടെ ഭാരം കുറയ്ക്കണമെന്ന് പണ്ട് പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ആവശ്യപ്പെട്ടയാളാണ് വി.ഡി. സതീശനെന്ന് മുൻ ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാലും പ്രതിപക്ഷ നേതാവ് പിണറായി വിജയനും സഭയിൽ ചൂണ്ടിക്കാട്ടി. എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തെത്തിയപ്പോൾ അദ്ദേഹം അത് ചെയ്യാൻ തയ്യാറാകുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ പെട്രോളിയം ഉത്പന്നങ്ങളുടെ അധികനികുതി വരുമാനം വേണ്ടെന്ന് വയ്ക്കുന്ന മണ്ടത്തരം കാണിക്കില്ലെന്നും മുൻ ധനമന്ത്രി തോമസ് ഐസക് പറഞ്ഞത് രേഖകളിലുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അമ്മ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കി, 15 കാരന് ഷാൾ കഴുത്തിൽ കുരുക്കി ആത്മഹത്യ ചെയ്തു


















































