വാഷിങ്ടൺ: അമേരിക്കയിൽ വിസ ചട്ടങ്ങൾ കൂടുതൽ കർശനമാക്കി ട്രംപ് ഭരണകൂടം. വിദേശ വിദ്യാർഥികൾക്കും മാധ്യമപ്രവർത്തകർക്കുമുള്ള വിസകളുടെ കാലാവധിയിലാണ് പുതിയ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.
പുതിയ ചട്ടപ്രകാരം സ്റ്റുഡന്റ് വിസയുടെയും എക്സ്ചേഞ്ച് വിസയുടെയും പരമാവധി കാലാവധി നാല് വർഷമായിരിക്കും. നിലവിൽ പഠന പരിപാടി പൂർത്തിയാകുന്നതുവരെ വിസ അനുവദിച്ചിരുന്ന രീതിക്കാണ് ഇതോടെ മാറ്റമുണ്ടാകുന്നത്.
പുതിയ തീരുമാനം ഇന്ത്യൻ വിദ്യാർഥികൾ ഉൾപ്പെടെ അമേരിക്കയിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന ആയിരക്കണക്കിന് വിദേശ വിദ്യാർഥികൾക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
നാല് വർഷത്തിലധികം പഠനം ആവശ്യമായ പി.എച്ച്.ഡി. ഗവേഷകരും മെഡിക്കൽ റെസിഡൻസി നടത്തുന്ന ഡോക്ടർമാരും ഉൾപ്പെടെയുള്ളവർക്ക് പഠനം തുടരാൻ വിസ കാലാവധി നീട്ടുന്നതിനായി പ്രത്യേക അപേക്ഷ നൽകേണ്ടിവരും. പുതിയ ചട്ടം ദീർഘകാല അക്കാദമിക്, ഗവേഷണ പരിപാടികളെ നേരിട്ട് ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.


















































