തൃപ്പൂണിത്തുറ വനിതാ പൊലീസ് സ്റ്റേഷനിൽ വച്ച് തനിക്ക് നേരിടേണ്ടി വന്നത് കടുത്ത മാനസിക പീഡനവും പക്ഷപാതപരമായ പെരുമാറ്റമാണെന്നും നടി ഹന്‍സിബ ഹസന്‍. , ഇതിനെതിരെ ആഭ്യന്തര മന്ത്രിക്ക് ഔദ്യോഗികമായി പരാതി നൽകുമെന്നും അൻസിബ വ്യക്തമാക്കി. വനിതാ സ്റ്റേഷനിലെ എസ്.ഐ രേഷ്മ പരാതിക്കാരിയുമായി ഒത്തുകളിച്ച് തന്നെ മൂന്ന് മണിക്കൂറോളം മാനസികമായി പീഡിപ്പിച്ചെന്നും, എസ്.ഐയുടെ മുന്നിൽ വച്ച് പരാതിക്കാരി തന്നെ പരസ്യമായി തെറിവിളിച്ചിട്ടും പൊലീസ് ഉദ്യോഗസ്ഥ മൗനം പാലിച്ചെന്നും അൻസിബ ആരോപിക്കുന്നു.
തന്നെ ഭീഷണിപ്പെടുത്തി നിർബന്ധപൂർവം മാപ്പപേക്ഷ എഴുതി വാങ്ങിയ ശേഷം, താൻ ഒപ്പിട്ട പേപ്പറിൽ എസ്.ഐ സ്വന്തം ഇഷ്ടപ്രകാരം വരികൾ കൂട്ടിച്ചേർത്ത് രേഖകളിൽ തിരുത്തൽ വരുത്തിയതായും താരം വെളിപ്പെടുത്തി. ഭാവിയിൽ തന്റെ വായടപ്പിക്കാൻ വേണ്ടിയുള്ള ആസൂത്രിത നീക്കമാണ് അവിടെ നടന്നതെന്നും അന്‍സിബ വെളിപ്പെടുത്തി.
തൃപ്പൂണിത്തുറ വനിതാ പൊലീസ് സ്റ്റേഷനിൽ വച്ച് ഏതാണ്ട് മൂന്ന് മണിക്കൂറോളമാണ് അവർ എന്നെ മാനസികമായി പീഡിപ്പിച്ചത്. സങ്കടങ്ങൾ തുറന്നുപറയാൻ പറ്റുന്ന ഒരിടമായിരിക്കും എന്ന് കരുതിയാണ് ഞാൻ അങ്ങോട്ട് പോയത്, എന്നാൽ അവിടെ ചെന്നപ്പോഴേക്കും കടുത്ത മുൻവിധിയോടെയുള്ള പെരുമാറ്റമാണ് നേരിടേണ്ടി വന്നത്. പരാതിക്കാരി അവിടുത്തെ എസ്.ഐയോടും മറ്റ് ജീവനക്കാരോടും വളരെ അടുത്ത സൗഹൃദത്തിലായിരുന്നു സംസാരിച്ചിരുന്നത്.
അവരുടെ മകൾ എസ്.ഐയുടെ മേശയ്ക്കരികിലിരുന്ന് കളിക്കുക വരെയായിരുന്നു. വസ്തുതകൾ എന്താണെന്ന് കേൾക്കാൻ പോലും അവിടുത്തെ എസ്.ഐ രേഷ്മ തയാറായില്ല. ഇവരൊക്കെ പരീക്ഷ എഴുതിത്തന്നെയാണോ ഈ പദവിയിൽ എത്തിയത് എന്ന് എനിക്ക് സംശയം തോന്നിപ്പോയി. ഒരുപക്ഷേ അവിടെ പുരുഷ ഉദ്യോഗസ്ഥർ ആയിരുന്നെങ്കിൽ എനിക്ക് ഇത്രയും വലിയ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരില്ലായിരുന്നു. എസ്.ഐയുടെ മുന്നിൽ വച്ചാണ് പരാതിക്കാരി എന്നെ കടുത്ത ഭാഷയിൽ തെറിവിളിച്ചതും ശപിച്ചതുമെല്ലാം, എന്നാൽ ഇതൊക്കെ കേട്ടിട്ടും ഒന്നും മിണ്ടാതെ ഇരുന്ന ഒരു എസ്.ഐയെ ഞാൻ ജീവിതത്തിലോ സിനിമയിൽ പോലുമോ കണ്ടിട്ടില്ലെന്നും ഹന്‍സിബ പറയുന്നു.

















































