ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദവുമായി എത്തിയ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയിനെ ഗവർണർ രാജേന്ദ്ര അർലേക്കർ തുടർച്ചയായ രണ്ടാം ദിവസവും തിരിച്ചയച്ചു. കേവല ഭൂരിപക്ഷം തെളിയിക്കുന്നതിനായി 118 എംഎൽഎമാരുടെ ഒപ്പുകൾ ശേഖരിച്ച് വരാൻ ഗവർണർ വിജയ്‌യോട് ആവശ്യപ്പെട്ടു.
വ്യാഴാഴ്ച രാജ്ഭവനിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ, ഭൂരിപക്ഷം തെളിയിക്കാനുള്ള കൃത്യമായ അംഗബലം വിജയ്ക്കില്ലെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. സർക്കാർ രൂപീകരിച്ച ശേഷം അസ്ഥിരത ഉണ്ടാകാതിരിക്കാൻ രേഖാമൂലമുള്ള പിന്തുണ വേണമെന്ന് അദ്ദേഹം കർശന നിലപാടെടുത്തു നിലവിൽ 112 എംഎൽഎമാരുടെ പിന്തുണയുമായാണ് വിജയ് ഗവർണറെ സമീപിച്ചത്. ഇതിൽ അഞ്ച് കോൺഗ്രസ് എംഎൽഎമാരുടെ പിന്തുണയും ഉൾപ്പെടുന്നു. തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ വിജയിച്ച വിജയ് ഒന്ന് ഒഴിയുന്നതോടെ ടിവികെയുടെ അംഗബലം 107 ആയി മാറും.
ഇതോടെ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 തികയ്ക്കാൻ 5 അംഗങ്ങളുടെ പിന്തുണ കൂടി വിജയ്ക്ക് ആവശ്യമാണ്. അതേസമയം ഗവർണറുടെ നിലപാടിൽ തമിഴ്‌നാട്ടിൽ പ്രതിഷേധമുയരുന്നുണ്ട്. ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെയെ സർക്കാർ രൂപീകരിക്കാൻ അനുവദിക്കണമെന്നും സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകണമെന്നും വിടുതലൈ ചിരുതൈകൾ കച്ചി (വിസികെ) നേതാവ് തോൽ തിരുമാവളവൻ ആവശ്യപ്പെട്ടു. ബിജെപി തമിഴ്നാട് രാഷ്ട്രീയത്തിൽ ഇടപെട്ട് ആശയക്കുഴപ്പം ഉണ്ടാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഐയും പ്രതികരിച്ചു.


















































