മീററ്റ്: ഉദേശിച്ചപോലെ എല്ലാം നടന്നു, ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചതെന്ന് വീട്ടുകാരേയും നാട്ടുകാരേയും വിശ്വസിച്ച് സംസ്കാരവും നടത്തി…ഉത്തർപ്രദേശിലെ മീററ്റിൽ ഭർത്താവിനെ കാമുകനൊപ്പം ചേർന്ന് കൊലപ്പെടുത്തിയ ശേഷം ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് ബന്ധുക്കളെ വിശ്വസിപ്പിക്കാൻ ശ്രമിച്ച യുവതിയുടെ നീക്കം പൊളിച്ചത് ഭർത്താവിന്റെ മൊബൈൽ ഫോണിലെ ചാറ്റ്. മീററ്റ് ലോഹിയ നഗറിലാണ് സംഭവം. 30കാരനായ താലിബാണ് കൊല്ലപ്പെട്ടത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഭാര്യ 27കാരിയായ ഇൽമയും കാമുകൻ അമാനും ചേർന്നാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് കണ്ടെത്തൽ.
നാലുവർഷം മുമ്പാണ് താലിബും ബ്യൂട്ടീഷനായി ജോലി ചെയ്തിരുന്ന ഇൽമയും വിവാഹിതരായത്. ഇവർക്ക് മൂന്ന് വയസുള്ള മകളുമുണ്ട്. സെപ്റ്റംബർ 28ന് വീട്ടിൽവെച്ച് താലിബിനെ മർദിച്ചതിന് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. താലിബ് ജോലികഴിഞ്ഞ് വീട്ടിലെത്തിയ ശേഷം പെട്ടെന്ന് അസുഖബാധിതനായെന്നും കിടക്കയിൽ കിടന്നതിന് പിന്നാലെ മരിച്ചെന്നുമാണ് ഇൽമ അന്ന് സഹോദരൻ അക്രാമിനോട് പറഞ്ഞത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് കുടുംബം കരുതിയത്. ഇതോടെ മൃതദേഹം സംസ്കരിക്കുകയും ചെയ്തു.
എന്നാൽ പിന്നീട് മരണത്തിൽ കുടുംബാംഗങ്ങൾക്ക് സംശയം തോന്നി. ഇതോടെ ഒക്ടോബർ ഒന്നിന് താലിബിന്റെ ബന്ധുവായ റയീസ് ഇൽമയുടെ വീട്ടിലെത്തി. ഇതിനിടെ താലിബിന്റെ മൊബൈൽ ഫോൺ ഇൽമ ഒളിപ്പിച്ചുവച്ചിരുന്നു. റയീസ് നടത്തിയ തിരച്ചിലിൽ വസ്ത്രങ്ങൾക്കടിയിൽനിന്ന് ഫോൺ കണ്ടെത്തി.
ഫോണിലെ ചാറ്റുകൾ പരിശോധിച്ചപ്പോഴാണ് നിർണായക വിവരം പുറത്തുവന്നത്. താലിബും അമാനും തമ്മിലുള്ള സംഭാഷണത്തിൽ അമാനോട് തന്റെ ഭാര്യയുമായി സംസാരിക്കരുതെന്ന് താലിബ് മുന്നറിയിപ്പ് നൽകിയിരുന്നതായി കണ്ടെത്തി. ഇതോടെ കുടുംബാംഗങ്ങൾ ഇൽമയെ ശക്തമായി ചോദ്യം ചെയ്തു.
തുടർന്നാണ് ഇൽമ ഭർത്താവിനെ കൊലപ്പെടുത്തിയതായി സമ്മതിച്ചതെന്ന് പോലീസ് പറയുന്നത്. താലിബ് തന്നെ പതിവായി മർദിച്ചിരുന്നുവെന്നാണ് ഇൽമയുടെ മൊഴി. സെപ്റ്റംബർ 28ന് താലിബ് തന്നെ മർദിച്ചതിന് പിന്നാലെ ഇൽമ കാമുകനായ അമാനെ വിളിച്ചു വരുത്തുകയായിരുന്നു.
ഇതോടെ അമാൻ ഒരു സുഹൃത്തിനൊപ്പമാണ് വീട്ടിലെത്തിയത്. തുടർന്ന് ഇൽമയും അമാനും സുഹൃത്തും ചേർന്ന് താലിബിനെ മർദിച്ചു. ഇതിനുശേഷം അമാൻ താലിബിന്റെ കഴുത്തിൽ തുണി ഉപയോഗിച്ച് മുറുക്കി കൊലപ്പെടുത്തിയെന്നാണ് ഇൽമയുടെ മൊഴി. പിന്നീട് തന്നെ വിവാഹം കഴിക്കാമെന്ന് അമാൻ വാഗ്ദാനം ചെയ്തതായും പോലീസ് പറഞ്ഞു.
സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. കൊട്ട്വാലി സർക്കിൾ ഓഫീസർ സംഗ്രാം സിങ് വിഷയത്തിൽ ജില്ലാ മജിസ്ട്രേറ്റിന് റിപ്പോർട്ട് നൽകിയതായി അറിയിച്ചു. സംസ്കരിച്ച താലിബിന്റെ മൃതദേഹം ചൊവ്വാഴ്ച കല്ലറയിൽനിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. നിലവിൽ ഇൽമ പോലീസ് നിരീക്ഷണത്തിലാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.





