പാലക്കാട്: സിപിഐ ഇല്ലായിരുന്നുവെങ്കിൽ മുൻപ് പിഎം ശ്രീ വിഷയത്തിൽ എൽഡിഎഫിനെ സിപിഎം പണയപ്പെടുത്തുമായിരുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിഎം ശ്രീ ആർഎസ്എസിൻറെ പരിപാടിയാണെന്നും അതിന് കൂട്ടുനിൽക്കില്ലെന്നും സിപിഐ കടുത്ത നിലപാടെടുത്തതുകൊണ്ടാണ് പിന്നീട് സിപിഐ കേന്ദ്ര നേതൃത്വത്തിന് അത് തിരുത്തേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു. അന്ന് സിപിഐ നിലപാടെടുത്തതുകൊണ്ടാണ് ഇന്ന് എൽഡിഎഫിന് തലയുയർത്തി നിൽക്കാൻ കഴിയുന്നതെന്നും സിപിഎമ്മിനെ കൂടി രക്ഷിച്ചെടുത്തത് സിപിഐയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ പാലക്കാട് ജില്ലാ പ്രവർത്തക യോഗത്തിലായിരുന്നു സംസ്ഥാന സെക്രട്ടറി സിപിഎമ്മിനെ കടന്നാക്രമിച്ച് കാര്യകാരണങ്ങൾ അക്കമിട്ട് നിരത്തിയത്.
അതുപോലെ എലപ്പുള്ളിയിൽ ബ്രൂവറി വേണ്ട എന്ന നിലപാടിൽ ഉറച്ചുനിന്നതും സിപിഐ ആണെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. എൽഡിഎഫ് മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ എം.വി. ഗോവിന്ദൻ ബ്രൂവറിയുടെ നേട്ടങ്ങൾ നിരത്തിയപ്പോൾ താനാണ് അതിനെ മുഖവിലയ്‌ക്കെടുക്കാതെ തള്ളിപ്പറഞ്ഞതെന്നും അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി.
കൂടാതെ, മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പരാർമശം നടത്തിയ പി. നന്ദകുമാറിനെയും സിപിഐ തള്ളിക്കളഞ്ഞി. സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.പി. സുരേഷ് രാജ് ജനയുഗത്തിൽ എഴുതിയ ലേഖനത്തിലാണ് മലപ്പുറത്തെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്. മത വിഭാഗങ്ങളുടെ എണ്ണത്തിലൂടെയല്ല ജില്ലയുടെ മതേതരത്വം അളക്കേണ്ടതെന്നും, വ്യത്യസ്ത മത വിഭാഗങ്ങൾ പരസ്പര സഹകരണത്തോടെ ജീവിക്കുന്നതിലൂടെയാണ് അതെന്നും ലേഖനം പറയുന്നു. ഹിന്ദു – മുസ്ലിം സാമൂഹിക ബന്ധങ്ങൾ ചേർന്നാണ് മലപ്പുറത്തിന്റെ മതേതരത്വം രൂപപ്പെട്ടത്. മുസ്ലിം ഭൂരിപക്ഷ ജില്ലയായതുകൊണ്ട് മാത്രം മലപ്പുറത്തിന്റെ മതേതരത്വത്തിനു കൂടുതൽ ഉത്തരവാദിത്തമുണ്ടെന്ന വാദം തികച്ചും ലളിതവൽക്കരണമാണെന്നും ലേഖനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.




