ജയ്പൂർ: രാജസ്ഥാനിലെ അൽവാർ സ്വദേശികളായ നവദമ്പതികളെ ഉത്തർപ്രദേശിലെ ബിജ്‌നോറിനടുത്തുള്ള വനത്തിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറുമാസം മുമ്പ് വിവാഹിതരായ സത്‌വീന്ദർ സിംഗിനെയും മൂന്ന് മാസം ഗർഭിണിയായിരുന്ന ഭാര്യ അമൻദീപ് കൗറിനെയുമാണ് ജൂലൈ 17-ന് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ആത്മഹത്യയല്ല, മറിച്ച് കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും ഇരയായതാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്.
ബിജ്‌നോർ സ്വദേശിനിയായ അമൻദീപ് കഴിഞ്ഞ 15 ദിവസമായി സ്വന്തം വീട്ടിലായിരുന്നു. ജൂലൈ 15-നാണ് ഭർത്താവ് സത്‌വീന്ദർ ഭാര്യയെ കൂട്ടിക്കൊണ്ടുപോകാൻ ബിജ്‌നോറിലെത്തിയത്. തുടർന്ന് ജൂലൈ 16-ന് മൊബൈൽ ഫോൺ നന്നാക്കാനായി ഇരുവരും ബൈക്കിൽ കോട്ദ്വാറിലേക്ക് പോയെങ്കിലും വൈകിട്ടും തിരിച്ചെത്തിയില്ല. ഇരുവരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആയതോടെ കുടുംബം പോലീസിൽ പരാതി നൽകി.
തുടർന്ന് ജൂലൈ 17-ന് പ്രേംനഗറിന് സമീപം റോഡരികിൽ ചാവി ഊരാത്ത നിലയിൽ ഒരു ബൈക്കും അതിൽ സ്ത്രീയുടെ ബാഗും നാട്ടുകാർ കണ്ടെത്തി പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് വനത്തിൽ നടത്തിയ പരിശോധനയിലാണ് പുലർച്ചെയോടെ മരത്തിൽ തൂങ്ങിയ നിലയിൽ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. സത്‌വീന്ദറിന്റെ മൃതദേഹം അമൻദീപിന്റെ ദുപ്പട്ടയിലും അമൻദീപിന്റെ മൃതദേഹം സത്‌വീന്ദറിന്റെ തലപ്പാവിലുമാണ് തൂങ്ങിയ നിലയിൽ ഉണ്ടായിരുന്നത്.
സംഭവം ആസൂത്രിത കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. മൃതദേഹങ്ങൾ കണ്ടെത്തുമ്പോൾ ഇരുവരും മുട്ടുകുത്തിയ നിലയിലായിരുന്നുവെന്നും മൃതദേഹങ്ങൾ തൂങ്ങിയിരുന്ന മരച്ചില്ല വളരെ താഴ്ന്നതും ചെറുതുമായിരുന്നുവെന്നതിനാൽ ആത്മഹത്യ അസാധ്യമാണെന്നും കുടുംബം ചൂണ്ടിക്കാട്ടുന്നു.
അമൻദീപിന്റെ സ്വകാര്യഭാഗങ്ങളിൽ പരിക്കുകളുണ്ടായിരുന്നുവെന്നും അവർ കൂട്ടബലാത്സംഗത്തിന് ഇരയായതായും കുടുംബം ആരോപിച്ചു. സത്‌വീന്ദറിന്റെ ശരീരത്തിലും ക്രൂരമായ മർദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നുവെന്നാണ് ബന്ധുക്കളുടെ വാദം. ദമ്പതികളുടെ ആഭരണങ്ങളോ പണമോ നഷ്ടപ്പെട്ടിട്ടില്ലെന്നും അക്രമികൾ മൊബൈൽ ഫോണുകൾ തകർത്ത ശേഷമാണ് രക്ഷപ്പെട്ടതെന്നും കുടുംബം പറയുന്നു.
ശനിയാഴ്ച നൗഗാവിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി എത്തിച്ചപ്പോൾ, ഉന്നതതല അന്വേഷണം നടത്തണമെന്നും വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. പോലീസ് നിയമാനുസൃത അന്വേഷണം ഉറപ്പുനൽകിയെങ്കിലും, രണ്ടാമത് പോസ്റ്റ്‌മോർട്ടത്തിന് സമ്മതിക്കാതെ കുടുംബം മൃതദേഹങ്ങൾ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി സംസ്കരിച്ചു.
സംഭവത്തിൽ എല്ലാ സാധ്യതകളും പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. കുടുംബം ഉന്നയിച്ച ആരോപണങ്ങൾ ഉൾപ്പെടെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികളെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

















































