കാസർകോട്: ഹൈക്കോടതിവഴി വിവാഹമോചനം വേഗത്തിലാക്കി നൽകാമെന്നും ജീവിതപ്രശ്നങ്ങൾ പരിഹരിക്കാൻ പൂജകൾ നടത്താമെന്നും വിശ്വസിപ്പിച്ച് കാസർകോട് ഉദുമ സ്വദേശിയായ സ്ത്രീയിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ.
കോട്ടയം ആനിക്കാട് സ്വദേശിയായ ആന്റണി വിൻസന്റാണ് കൊല്ലം തെന്മലയിൽ കാസർകോട് സൈബർ ക്രൈം പൊലീസിന്റെ പിടിയിലായത്. 2025 സെപ്റ്റംബർ 17 മുതൽ 2026 ജനുവരി 2 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം. ഭർത്താവുമായി പിരിഞ്ഞ സ്ത്രീയെ ഫെയ്സ്ബുക് വഴി പരിചയപ്പെട്ട പ്രതി അവരുടെ വിശ്വാസം പിടിച്ചുപറ്റി.
തുടർന്ന് വിവാഹമോചനം ഹൈക്കോടതിവഴി എളുപ്പത്തിലാക്കി നൽകാമെന്നും പ്രശ്നങ്ങൾക്ക് പൂജകൾ നടത്തിപരിഹാരം കാണാമെന്നും വിശ്വസിപ്പിച്ചാണ് 13,16,731 രൂപ തട്ടിയത്. കാസർകോട് സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ (ഇൻചാർജ്) പി.നളിനാക്ഷന്റെ നേതൃത്വത്തിൽ എസ്ഐ സവ്യസാചി, എഎസ്ഐമാരായ പി.കെ.രഞ്ജിത്ത് കുമാർ, എം.ദിലീഷ്, പ്രശാന്ത്, സിവിൽ പൊലീസ് ഓഫിസർമാരായ സവാദ് അഷ്റഫ്, വിപിൻ എന്നിവരടങ്ങുന്ന സംഘമാണ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്.





