കുറ്റ്യാടി: കുറ്റ്യാടി ചുരത്തിൽ റോഡിന്റെ പാർശ്വഭിത്തിയിടിഞ്ഞ് കാർ താഴ്ചയിലേക്ക് പതിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരുക്ക്. വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഏഴാം വളവിൽവെച്ച് എതിർദിശയിൽ വന്ന മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡിന്റെ പാർശ്വഭിത്തി ഇടിഞ്ഞ് അഞ്ചടി താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു.
കാറിലുണ്ടായിരുന്ന വില്യാപ്പള്ളി സ്വദേശികളായ കുഞ്ഞായിഷ (55), സൻഹ ഫാത്തിമ (10), ആയിഷ സെൻസ (13) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ തൊട്ടിൽപ്പാലം ഇഖ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അതേസമയം മലയോര ഹൈവേയുടെ നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്ന കുറ്റ്യാടി ചുരത്തിൽ മഴക്കാലം എത്തിയതോടെ അപകടസാധ്യത കൂടുതലാണ്. ഏഴാം വളവിലെ റോഡിന്റെ വശം ഇടിഞ്ഞതാണ് കാർ താഴ്ചയിലേക്ക് മറിയാൻ കാരണമായത്.

















































