കോഴിക്കോട്: എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ വ്യാജ വീഡിയോയുടെയും വ്യാജ ഓൺലൈൻ ട്രേഡിങ് ആപ്പിന്റെയും കുടുക്കിൽപ്പെട്ട് വടകര സ്വദേശിയായ വയോധികന് 1.37 കോടി രൂപ നഷ്ടമായി. സംഭവത്തിൽ സൈബർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചു.
സാമൂഹികമാധ്യമത്തിൽ കണ്ട എഐ നിർമിത വീഡിയോയുടെ താഴെ നൽകിയിരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് തട്ടിപ്പിന് തുടക്കമായത്. ലിങ്ക് തുറന്നതോടെ വയോധികന്റെ മൊബൈൽ ഫോൺ ഹാക്കർമാരുടെ നിയന്ത്രണത്തിലായതായി പൊലീസ് പറഞ്ഞു.
തുടർന്ന് തട്ടിപ്പുകാർ നൽകിയ നിർദേശപ്രകാരം ഇദ്ദേഹം ഫോണിൽ ഒരു വ്യാജ ഓൺലൈൻ ട്രേഡിങ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തു. ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത ആപ്പിൽ വിശ്വസിച്ച് പലതവണകളായി നിക്ഷേപിച്ച 1.37 കോടി രൂപ മുഴുവൻ തട്ടിപ്പുകാർ കൈക്കലാക്കുകയായിരുന്നു.
പണം തിരിച്ചുകിട്ടാൻ സാധ്യതയില്ലെന്ന് മനസ്സിലായതോടെയാണ് വയോധികൻ സൈബർ പൊലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിക്കുന്ന വ്യാജ വീഡിയോകളും സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സംശയാസ്പദമായ ലിങ്കുകളും നിക്ഷേപ ആപ്പുകളും സംബന്ധിച്ച് പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സൈബർ പൊലീസ് മുന്നറിയിപ്പ് നൽകി. ഉയർന്ന ലാഭം വാഗ്ദാനം ചെയ്യുന്ന ഓൺലൈൻ നിക്ഷേപ പദ്ധതികളിൽ പരിശോധന നടത്താതെ പണം നിക്ഷേപിക്കരുതെന്നും അധികൃതർ നിർദേശിച്ചു.






