വാഷിങ്ടൺ: ഇറാനെതിരെ സൈനിക ആക്രമണത്തിന് പകരം ദീർഘകാല സാമ്പത്തിക സമ്മർദ്ദം ശക്തിപ്പെടുത്തുന്ന പുതിയ തന്ത്രങ്ങളിലേക്കാണ് അമേരിക്ക നീങ്ങുന്നതെന്ന സൂചനകൾ ശക്തമാകുന്നു. ഇറാനെ ദുർബലപ്പെടുത്താൻ നീണ്ടുനിൽക്കുന്ന ഉപരോധം കൂടുതൽ ഫലപ്രദമാകുമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിലയിരുത്തൽ എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇറാന്റെ മേൽ ‘ദീർഘകാല ഉപരോധത്തിന്’ തയ്യാറെടുക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദ്ദേശം നൽകിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഈ തന്ത്രത്തിന്റെ പ്രധാന കേന്ദ്രമായി മാറുന്നത് ലോകത്തിലെ നിർണായക എണ്ണ ഗതാഗത പാതയായ ഹോർമുസ് കടലിടുക്കാണ്. ഇവിടെ അമേരിക്ക ശക്തിപ്പെടുത്തുന്ന നിയന്ത്രണങ്ങൾ ഇറാന്റെ എണ്ണ കയറ്റുമതിയെ നേരിട്ട് ബാധിക്കുകയും രാജ്യത്തിന്‍റെ സാമ്പത്തിക സമ്മർദ്ദം ദിനംപ്രതി വർധിപ്പിക്കുകയും ചെയ്യുന്നു. സൈനിക ഇടപെടലുകൾ ഒഴിവാക്കി, ഇറാന്റെ സമ്പദ് വ്യവസ്ഥയെ ദീർഘകാലം ബാധിക്കുന്ന രീതിയിൽ നീങ്ങുകയാണ് അമേരിക്കയെന്ന വിലയിരുത്തലാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ മുന്നോട്ടുവെക്കുന്നത്.
ഹോർമുസിലൂടെ നടത്തുന്ന ടാങ്കർ ഗതാഗതം നിയന്ത്രിക്കപ്പെടുന്നതോടെ ഇറാന്റെ പ്രധാന വരുമാനമായ എണ്ണ കയറ്റുമതിയിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇതിന്റെ ആഘാതം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ പ്രകടമാകുകയും വരുമാനത്തിൽ ഗണ്യമായ കുറവ് വരുകയും ചെയ്തു. പുതിയ കണക്ക് പ്രകാരം ഇറാനിൽ ഇറാനിൽ ഇനി 12 മുതൽ 22 ദിവസത്തേക്കുള്ള എണ്ണ സംഭരണശേഷി മാത്രമേ അവശേഷിക്കുന്നുള്ളൂ.
കയറ്റുമതി തടസപ്പെട്ടിട്ടും ഉത്പാദനം തുടരുന്ന സാഹചര്യത്തിൽ സംഭരണ ശേഷി കുറയുന്നത് ഇറാനെ വലിയ പ്രതിസന്ധിയിലാക്കുകയാണ്. സംഭരണ കേന്ദ്രങ്ങൾ നിറഞ്ഞാൽ ഉത്പാദനം കുറയ്ക്കേണ്ടി വരും, ഇത് രാജ്യത്തിന്റെ വരുമാനത്തിന് കൂടുതൽ തിരിച്ചടിയാകും.
ഈ പ്രശ്നം താൽക്കാലികമായി മറികടക്കാൻ പഴയ കപ്പലുകളെ കടലിൽ എണ്ണ സംഭരണ കേന്ദ്രങ്ങളാക്കി ഉപയോഗിക്കുന്ന നടപടികളാണ് ഇറാൻ സ്വീകരിക്കുന്നത്. ‘എം/ടി നാഷ’ (M/T Nasha) പോലുള്ള പഴയ ‘ഗോസ്റ്റ് ഷിപ്പു’കളെ, കടലിലെ താൽക്കാലിക എണ്ണ സംഭരണ കേന്ദ്രങ്ങളായി ഇറാൻ ഉപയോഗിക്കുന്നുണ്ട്. എന്നാൽ,ഇത്തരത്തിലുള്ള എണ്ണസംഭരണം ചെലവേറിയതും ദീർഘകാലപരമായി നിലനിൽക്കാൻ പ്രയാസമുള്ളതുമായ പരിഹാരമെന്നതാണ് വിദഗ്ധരുടെ അഭിപ്രായം.
തുടർച്ചയായ ഉപരോധം ഇറാന്റെ വരുമാനം കുറയ്ക്കുന്നതോടൊപ്പം കറൻസിയുടെ മൂല്യം ഇടിയാനും പണപ്പെരുപ്പം ഉയരാനും അത്യാവശ്യ ഇറക്കുമതികൾക്ക് തടസ്സമുണ്ടാകാനും ഇടയാക്കും. വലിയ യുദ്ധത്തിലേക്ക് നീങ്ങാതെ തന്നെ ഇറാന്റെ സാമ്പത്തിക അടിത്തറയെ ബാധിക്കാൻ ഈ രീതി സഹായകരമാകുമെന്ന് യുഎസ് വിലയിരുത്തുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


















































