മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ വിജയമെന്ന സർവേ റിപ്പോർട്ടുമായി ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയും മുൻ എംഎൽഎയുമായ പിവി അൻവർ. യുഡിഎഫ് 89 സീറ്റുമായി അധികാരത്തിലെത്തുമെന്നാണ് പിവി അൻവറിന്റെ സർവേ റിപ്പോർട്ട് പറയുന്നത്. പി വി അൻവർ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച പോഡ്കാസ്റ്റിലാണ് റിപ്പോർട്ട് അവതരിപ്പിച്ചത്.
അൻവറിന്റെ സർവേ ഫലങ്ങൾ പറയുന്നതിങ്ങനെ- മലബാറിൽ 60 ൽ 40 സീറ്റും യുഡിഎഫ് നേടും. മധ്യകേരളത്തിൽ 32 ൽ 21 സീറ്റിലും തെക്കൻ കേരളത്തിൽ 48 ൽ 25 സീറ്റും യുഡിഎഫ് നേടും. ബേപ്പൂരിൽ പിവി അൻവർ ജയിക്കും. മലമ്പുഴയിൽ എസ് സുരേഷ്, മലപ്പുറത്തെയും വയനാട്ടിലെയും മുഴുവൻ സീറ്റുകളും യുഡിഎഫ് നേടുമെന്നും പി വി അൻവറിന്റെ സർവേയിൽ പറയുന്നു.
അതുപോലെ പേരാമ്പ്രയിലും ബാലുശ്ശേരിയിലും എലത്തൂരിലും ശക്തമായ മത്സരം നടക്കുമെന്നാണ് റിപ്പോർട്ട്. മലബാറിൽ ആന്റി പിണറായി തരംഗം ആഞ്ഞുവീശുമെന്നും അൻവർ പറഞ്ഞു. ധർമടത്തും ഭൂരിപക്ഷം 10000ത്തിലോ അതിന് താഴെയോ വരാം. പിണറായി വിജയൻ തോറ്റാലും ഞെട്ടണ്ടെന്നും അൻവർ കൂട്ടിച്ചേർത്തു.
അതേസമയം ഇന്ന് വിവിധ ഏജൻസികളുടെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വരും. എൻഡിടിവി, ഇന്ത്യ ടുഡേ, ടൈംസ് നൗ, ന്യൂസ് എക്‌സ്, റിപ്പബ്ലിക് ടി വി, ന്യൂസ് 18 തുടങ്ങിയ ദേശീയ മാധ്യമങ്ങളും മാട്രിസ്, വിഎംആർ, സി വോട്ടർ, ജെവിസി, പോൾസ്‌ട്രോറ്റ്, ജൻ കി ബാത്ത്, വോട്ട് വൈബ് തുടങ്ങിയ ഏജൻസികളുടെ എക്‌സിറ്റ് പോൾ ഫലങ്ങളാണ് ഇന്ന് പുറത്ത് വരുന്നത്. മേയ് നാലാം തീയ്യതിയാണ് തെരഞ്ഞെടുപ്പ് ഫലം വരുന്നത്.


















































