കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പോക്സോ കേസിൽ പ്രതിക്ക് 43 വർഷം കഠിന തടവും 2.25 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. മൂവാറ്റുപുഴ ജില്ലാ പോക്സോ പ്രത്യേക കോടതി ജഡ്ജി സമീർ എയാണ് സൗത്ത് മാറാടി പാറയിൽ അമീറിന് (42) ശിക്ഷ വിധിച്ചത്.
2023-ൽ പുത്തൻകുരിശ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. കോലഞ്ചേരി കടമറ്റത്ത് വ്യാജ പേരിൽ സിദ്ധനായി നടിച്ച് ജ്യോതിഷാലയം നടത്തിവന്നിരുന്ന അമീറിനെ സമീപിച്ച ഒരു കുടുംബം, ഭയം മാറ്റുന്നതിനുള്ള പൂജയ്ക്കായി പ്രായപൂർത്തിയാകാത്ത കുട്ടിയെ കൊണ്ടുവന്നപ്പോഴാണ് പ്രതി കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതെന്നാണ് പ്രോസിക്യൂഷൻ കേസ്.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ പൊലീസ് കാർ ചെയ്‌സ് ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. . ഇയാൾ വാടകയ്‌ക്ക് എടുത്ത് പ്രവർത്തിപ്പിച്ചിരുന്ന ജ്യോതിഷാലയത്തിൽ നടത്തിയ പരിശോധനയിൽ നിരവധി വിഗ്രഹങ്ങളും പണവും പൊലീസ് കണ്ടെടുത്തിരുന്നു.
അന്നത്തെ പുത്തൻകുരിശ് പൊലീസ് ഇൻസ്പെക്ടർ ദിലീഷ് ടി. സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് വിചാരണ പൂർത്തിയായത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജമുന പി.ആർ ഹാജരായി. അന്വേഷണ സംഘത്തിൽ കെ. സജീവ് (റിട്ട.), മനോജ് കുമാർ, ബിജു ജോൺ, എ.എസ്.ഐമാരായ ചന്ദ്രബോസ്, ജിഷാ മാധവൻ എന്നിവർ അംഗങ്ങളായിരുന്നു. എ.എസ്.ഐ ലേഖ കോർട്ട് ലെയ്സൺ ഓഫീസറായിരുന്നു.

















































