കോഴിക്കോട്: തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ നേതാക്കളേയും അണികളേയും അടിമുടി തേച്ചുമിനുക്കാനൊരുങ്ങി പാർട്ടി. ഇതിന്റെ ഭാഗമായി സിപിഎം നേതാക്കൾക്കും കേഡർമാർക്കും കർശന നിർദേശങ്ങളാണു പാർട്ടി മാർഗരേഖ നിർദേശിക്കുന്നത്. ചില നേതാക്കളുടെ പെരുമാറ്റത്തിലും പ്രവർത്തനശൈലിയിലും ആവശ്യത്തിന് ജാഗ്രതയില്ലെന്നും ഇത് പാർട്ടിക്കുള്ളിൽ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ടെന്നും മാർഗരേഖയിൽ വ്യക്തമാക്കുന്നു.
അതുപോലെ ചില നേതാക്കളുടെ ആഡംബര ജീവിതശൈലി ജനങ്ങൾക്കിടയിൽ അപകീർത്തി ഉണ്ടാക്കിയ സാഹചര്യത്തിൽ പ്രവർത്തനശൈലി അടിയന്തരമായി തിരുത്തണം. പൊതുയോഗങ്ങളിൽ സംസാരിക്കുമ്പോഴും മാധ്യമങ്ങളോട് ഇടപെടുമ്പോഴും ജാഗ്രത പുലർത്തണമെന്ന് മാർഗരേഖ നിർദേശിക്കുന്നു. പൊതുയോഗങ്ങളിൽ നീണ്ടുപരന്ന പ്രസംഗങ്ങൾ ഒഴിവാക്കി ശൈലിമാറ്റം വരുത്തണം. കാര്യമാത്ര പ്രസക്തമായ കാര്യങ്ങൾ ചുരുക്കി സംസാരിക്കുകയും പ്രസംഗങ്ങളുടെ സമയദൈർഘ്യവും വാചകങ്ങളും ശ്രദ്ധിക്കുകയും വേണം. കൂടാതെ യോഗങ്ങളിൽ കൃത്യമായ അച്ചടക്കം പാലിക്കണമെന്നും മാർഗരേഖയിൽ ആവശ്യപ്പെടുന്നു.
കേഡർമാർക്കിടയിൽ രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ കുറവുണ്ടെന്ന് സ്വയം വിമർശനം ഉന്നയിച്ച് പാർട്ടി, അവർക്ക് ആവശ്യമായ പരിശീലനം നൽകാൻ നടപടി സ്വീകരിക്കുമെന്നും മാർഗരേഖയിൽ പറയുന്നു. ചാനൽ ചർച്ചകൾ ബഹിഷ്കരിക്കുന്ന നിലപാട് ഒഴിവാക്കി മാധ്യമ വിചാരണകളിൽ സജീവമായി പങ്കെടുക്കണമെന്നാണ് മറ്റൊരു പ്രധാന നിർദേശം. പാർട്ടിയുടെ ഔദ്യോഗിക നിലപാടുകൾ നേതാക്കൾ തന്നെ വ്യക്തമാക്കാതിരുന്നാൽ സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പുകളോ മറ്റ് വ്യക്തികളോ പറയുന്ന കാര്യങ്ങൾ പാർട്ടിയുടേതാണെന്ന് ജനങ്ങൾ തെറ്റിദ്ധരിക്കാൻ ഇടയാക്കും. അതിനാൽ സമൂഹമാധ്യമങ്ങളിലും ചാനൽ ചർച്ചകളിലും നേതാക്കളുടെ സജീവ ഇടപെടൽ ഉറപ്പാക്കണമെന്നും യുവാക്കൾക്ക് ഇതിനായി പ്രത്യേക പരിശീലനം നൽകണമെന്നും മാർഗരേഖ ചൂണ്ടിക്കാണിക്കുന്നു.






