ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 9.50 രൂപയാണ് കൂട്ടിയത്. ഇതോടെ 2,738 രൂപയായിരുന്ന സിലിണ്ടറിന്റെ വില 2,747.50 രൂപയായി. അഞ്ച് കിലോഗ്രാം എൽ.പി.ജി സിലിണ്ടറിനും രണ്ട് രൂപ വർധിച്ച് 764 രൂപയായി.
തുടർച്ചയായ രണ്ട് മാസം വില കുറഞ്ഞതിന് പിന്നാലെയാണ് വീണ്ടും വർധന. രാജ്യത്തെ പ്രധാന നഗരങ്ങളിൽ വാണിജ്യ സിലിണ്ടറിന് 9.50 രൂപ മുതൽ 11.50 രൂപ വരെയാണ് വർധന. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിൽ എൽ.പി.ജി വില ഉയർന്നതാണ് രാജ്യത്തും വില കൂട്ടാൻ കാരണമായത്.
ഫെബ്രുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 1,373.50 രൂപയുടെ വർധനവുണ്ടായിട്ടുണ്ട്. 1,373.50 രൂപയായിരുന്ന വില പിന്നീട് 2,746.50 രൂപയിലെത്തി.
അതിനിടെ, വിമാന ഇന്ധന വിലയിലും ലിറ്ററിന് 6.28 രൂപയുടെ വർധനവുണ്ടായി. എന്നാൽ ഗാർഹിക ആവശ്യത്തിനുള്ള 14.2 കിലോഗ്രാം എൽ.പി.ജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. 942 രൂപയായി തുടരും. പെട്രോൾ, ഡീസൽ വിലയിലും മാറ്റമില്ല.
വാണിജ്യ എൽ.പി.ജി വിലയിൽ ഏറ്റവും ഉയർന്ന വർധന കൊൽക്കത്തയിലാണ്. ഇവിടെ 11.50 രൂപ കൂട്ടി സിലിണ്ടറിന് 2,884 രൂപയായി. ഭുവനേശ്വർ, ഹൈദരാബാദ്, പട്ന എന്നിവിടങ്ങളിലും 11 രൂപയിലധികം വർധനയുണ്ട്. ഡൽഹി, മുംബൈ, ഗുരുഗ്രാം, നോയിഡ, ചണ്ഡിഗഢ്, ലഖ്‌നൗ എന്നിവിടങ്ങളിൽ 9.50 രൂപയാണ് കൂട്ടിയത്. മുംബൈയിൽ വില 2,701 രൂപയായി. ചെന്നൈയിൽ 10.50 രൂപ വർധിച്ച് 2,916.50 രൂപയായി.






