തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനം തടഞ്ഞ കേസിലെ പ്രതി ഡിസിസി അംഗം ചേന്തി അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പൊലീസ്. ശ്രീകാര്യം, തുമ്പ, മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നിരവധി കേസുകളുണ്ടെന്നും ശ്രീകാര്യം പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
മുഖ്യമന്ത്രിയെ അവഹേളിക്കുക എന്ന ഉദ്ദേശത്തോടെയാണ് ചേന്തി അനിൽ വാഹനവ്യൂഹം തടഞ്ഞതെന്നാണ് പൊലീസ് ആരോപണം. കാറിൽനിന്ന് പുറത്തിറങ്ങിയ മുഖ്യമന്ത്രിയെ പൊതുജനമധ്യത്തിൽ ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടിലുണ്ട്. മുഖ്യമന്ത്രിയുടെയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയതായും പൊലീസ് പറയുന്നു.
ശ്രീകാര്യത്ത് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവത്തിലാണ് ചേന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ, അന്യായമായി തടഞ്ഞുവെക്കൽ, അപമര്യാദയായി പെരുമാറൽ, ഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
അതിനിടെ, അറസ്റ്റിന് പിന്നാലെ ചേന്തി അനിലിനെ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്യാനും പാർട്ടി നേതൃത്വം തീരുമാനിച്ചു. ഡിസിസി പ്രസിഡന്റ് എൻ. ശക്തൻ നടപടിയെടുക്കും. കെപിസിസി നേതൃത്വം ജില്ലാ നേതൃത്വത്തിന് ഇതുസംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയുമായി ആലോചിച്ച ശേഷമായിരിക്കും നടപടി.
ചെന്തഴന്തി ശ്രീനാരായണ സാംസ്കാരിക നിലയത്തിലെ ചതയദിന പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ചേന്തി അനിലിന്റെ നേതൃത്വത്തിൽ പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞത്. വാഹനം നിർത്തിയതിനെ തുടർന്ന് മുഖ്യമന്ത്രി പുറത്തിറങ്ങിയപ്പോഴുണ്ടായ വാക്കുതർക്കമാണ് പിന്നീട് കേസിലും അറസ്റ്റിലും കലാശിച്ചത്.






