വാഷിങ്ടൺ: അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാരബന്ധത്തിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. കാനഡ അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ നിർത്തിവച്ചതിന് പിന്നാലെ കാനഡയ്‌ക്കെതിരെ രൂക്ഷ വിമർശനവും പരിഹാസവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. കാനഡയെ അമേരിക്കയുടെ ‘51-ാമത് സംസ്ഥാനം’ ആക്കണമെന്ന തന്റെ പഴയ പരിഹാസ പരാമർശവും ട്രംപ് വീണ്ടും ഉയർത്തി.
കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി വ്യാപാര ചർച്ചകൾക്കായി അമേരിക്കയിലെത്തിയ കനേഡിയൻ സംഘത്തെ തിരിച്ചുവിളിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. കാനഡ ഒരു സംസ്ഥാനമല്ലെങ്കിലും സംസ്ഥാനത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങൾ സ്വന്തമാക്കാൻ ശ്രമിക്കുകയാണെന്നും വർഷങ്ങളായി അമേരിക്കൻ കർഷകരിൽ നിന്ന് വലിയ തോതിൽ താരിഫ് ഈടാക്കുകയാണെന്നും ട്രംപ് ആരോപിച്ചു. ഇനി ഇത് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം അമേരിക്ക മുന്നോട്ടുവച്ച പുതിയ ആവശ്യങ്ങൾ കാനഡയ്ക്ക് അംഗീകരിക്കാൻ കഴിയാത്തതായതോടെയാണ് വ്യാപാര ചർച്ചകൾ താൽക്കാലികമായി നിർത്തിവച്ചതെന്നാണ് പ്രധാനമന്ത്രി മാർക്ക് കാർണിയുടെ വിശദീകരണം. കാനഡയിൽ നിർമിക്കുന്ന വാഹനങ്ങൾക്ക് ലഭിക്കുന്ന താരിഫ് ഇളവുകൾ കുറയ്ക്കുക, മറ്റ് രാജ്യങ്ങളുമായി വ്യാപാര കരാറുകളിൽ ഏർപ്പെടാനുള്ള കാനഡയുടെ ശേഷി പരിമിതപ്പെടുത്തുക, കനേഡിയൻ ഭാഷയ്ക്കും സംസ്കാരത്തിനുമുള്ള സംരക്ഷണം ദുർബലപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് അമേരിക്ക അവസാനഘട്ടത്തിൽ മുന്നോട്ടുവച്ചതെന്നാണ് കാർണി പറഞ്ഞത്.
“അവർ വളരെയധികം ആവശ്യപ്പെട്ടു, എന്നാൽ വളരെ കുറച്ചാണ് വാഗ്ദാനം ചെയ്തത്,” എന്നാണ് കാർണി പ്രതികരിച്ചത്. സ്വന്തം രാജ്യത്തെ സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നതിൽ കാനഡയ്ക്ക് പൂർണ അധികാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക ഏകീകരണത്തെ അമേരിക്ക ഒരു ആയുധമായി ഉപയോഗിക്കുകയാണെന്നും വാഷിങ്ടണുമായുള്ള ധാരണകളുടെ വിശ്വാസ്യതയിൽ ആശങ്കയുണ്ടെന്നും കാർണി ആരോപിച്ചു.
അതേസമയം അമേരിക്കയുമായുള്ള തർക്കം രൂക്ഷമായതോടെ കാനഡ തിരിച്ചടി നടപടികളും പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്ക കാനഡയിൽ നിന്നുള്ള ഏകദേശം 20 ബില്യൺ ഡോളർ മൂല്യമുള്ള ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം താരിഫ് ഏർപ്പെടുത്തുന്ന നടപടിയിലേക്ക് നീങ്ങിയിട്ടുണ്ട്. ഇതിന് മറുപടിയായി സെപ്റ്റംബർ 8 മുതൽ തിരിച്ചടി ആരംഭിക്കുമെന്നും അമേരിക്ക ഏർപ്പെടുത്തുന്ന താരിഫിന് ‘ഡോളറിന് ഡോളർ’ അടിസ്ഥാനത്തിൽ പ്രതികരിക്കുമെന്നും കാനഡ വ്യക്തമാക്കി. അമേരിക്കൻ സ്റ്റീൽ, ഡയറി മേഖലകളെയാണ് കനേഡിയൻ താരിഫുകൾ പ്രധാനമായും ലക്ഷ്യമിടുക.
ഇതിനിടെ കാനഡയാണ് വ്യാപാര തർക്കം രൂക്ഷമാക്കിയതെന്ന നിലപാടിലാണ് അമേരിക്ക. ഒരു വർഷത്തോളമായി കാനഡ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് തിരിച്ചടി താരിഫുകൾ ഏർപ്പെടുത്തുകയായിരുന്നുവെന്നും അതിനെതിരെയാണ് പുതിയ നടപടികളിലേക്ക് കടന്നതെന്നും അമേരിക്കൻ ചീഫ് ട്രേഡ് നെഗോഷിയേറ്റർ ജാമീസൺ ഗ്രീർ പറഞ്ഞു. കാനഡയുടെ സ്റ്റീൽ, വാഹനങ്ങൾ, മര ഉൽപ്പന്നങ്ങൾ എന്നിവയ്ക്കുള്ള താരിഫുകൾ കുറയ്ക്കാനുള്ള നിർദേശം അമേരിക്ക നൽകിയിരുന്നുവെന്നും എന്നാൽ കാനഡ അത് നിരസിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകൾ തകർന്നത് അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവ ഉൾപ്പെടുന്ന വടക്കേ അമേരിക്കൻ വ്യാപാര കരാറിന്റെ ഭാവിയെക്കുറിച്ചും ആശങ്ക ഉയർത്തിയിട്ടുണ്ട്. കരാറിന്റെ അവലോകനത്തെ സംബന്ധിച്ചും പുതിയ സാഹചര്യം നല്ല വാർത്തയല്ലെന്ന് കാർണി പറഞ്ഞു. അമേരിക്കയുമായുള്ള ഭാവി സാമ്പത്തിക ബന്ധത്തെക്കുറിച്ച് കാനഡയ്ക്ക് പുതിയൊരു കാഴ്ചപ്പാട് ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയും കാനഡയും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിന്റെ വലുപ്പവും പുതിയ തർക്കത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരം ഏകദേശം 880 ബില്യൺ ഡോളറായിരുന്നു. കാനഡയുടെ ചരക്ക് കയറ്റുമതിയുടെ ഏകദേശം 72 ശതമാനവും അമേരിക്കയിലേക്കാണ് പോകുന്നത്. അതിനാൽ താരിഫ് പോര് നീണ്ടുനിൽക്കുന്നത് കാനഡയുടെ സമ്പദ്‌വ്യവസ്ഥയിലും അമേരിക്കൻ വ്യവസായ മേഖലയിലും പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കും.
എൻഐസിയുവിലെ വാമർ മെഷീന് തീപ്പിടിച്ച് നവജാതശിശു മരിച്ചു, രണ്ട് കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു






