ഫരീദാബാദ്: ഭാര്യയും ഭാര്യാ വീട്ടുകാരും തന്നെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുവെന്നാരോപിച്ച് യുവാവ് ജീവനൊടുക്കി. ഫരീദാബാദിലെ സെക്ടർ 3 ഹൗസിങ് കോളനിയിൽ താമസിക്കുന്ന രാഹുൽ (28) ആണ് ഇൻസ്റ്റഗ്രാമിൽ ഭാര്യയ്ക്കെതിരെ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം, സ്വന്തം വസ്ത്ര വ്യാപാര സ്ഥാപനത്തിൽ തൂങ്ങി മരിച്ചത്.
താൻ തന്റെ ഭാര്യയും സഹോദരിയും മാതാപിതാക്കളും കാരണം ആത്മഹത്യ ചെയ്യുകയാണെന്നും ശാരീരികവും മാനസികവുമായ പീഡനങ്ങൾ താങ്ങാനാകുന്നില്ലെന്നും യുവാവ് വിഡിയോയിൽ പറയുന്നു. തന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷമായെന്നും ഇക്കാലയളവിൽ ഭാര്യാവീട്ടുകാർ തന്നെ വല്ലാതെ പീഡിപ്പിച്ചുവെന്നും യുവാവ് ആരോപിച്ചു.
‘ഞാൻ വീട് അടിച്ചുവാരുന്നു, തറ തുടയ്ക്കുന്നു, പാത്രങ്ങൾ കഴുകുന്നു. ഈ ജോലികളെല്ലാം ചെയ്തതിനു ശേഷവും ഭാര്യയും വീട്ടുകാരും എന്നോടു വഴക്കുണ്ടാക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നു. ഭാര്യ എന്റെ കുടുംബത്തെ ശ്രദ്ധിക്കുന്നില്ല. അവൾ നിരന്തരം വഴക്കുണ്ടാക്കുകയാണ്, ഈ പീഡനം താങ്ങാനാവുന്നില്ല’– വീഡിയോയിൽ യുവാവ് പറഞ്ഞു.
അതുപോലെ തന്റെ ഉടമസ്ഥതയിലുള്ള എല്ലാ സ്വത്തുക്കളും സഹോദരിമാർക്ക് കൈമാറണമെന്നും രാഹുൽ വീഡിയോയിൽ പറയുന്നു. ഭാര്യയുമായുള്ള പ്രശ്നങ്ങളെത്തുടർന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ഇയാൾ കുടുംബത്തിൽ നിന്ന് അകന്നാണ് താമസിച്ചിരുന്നത്. രണ്ട് മാസങ്ങൾക്കു മുൻപാണ് ഇയാൾ വസ്ത്രവ്യാപാര സ്ഥാപനം തുടങ്ങിയതെന്ന് നാട്ടുകാർ പറയുന്നു.
അതേസമയം രാഹുലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ രാഹുലിന്റെ ഭാര്യയും മാതാപിതാക്കളും ഉൾപ്പെടെ 8 പേർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസ് എടുത്തതായി അന്വേഷണ ഉദ്യോഗസ്ഥൻ സഞ്ജയ് ശർമ പറഞ്ഞു.


















































