തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലുണ്ടായ കയ്യാങ്കളിയിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കൗൺസിലർ വൈഷ്ണ സുരേഷ് രംഗത്ത്. യുഡിഎഫ് കൗൺസിലർമാർ അറ്റൻഡൻസ് രേഖപ്പെടുത്തിന്നതിനിടെയാണ് പെട്ടെന്ന് ആക്രമണമുണ്ടായതെന്ന് വൈഷ്ണ പറഞ്ഞു. കൗൺസിലർമാർ ഒപ്പിടുമ്പോൾ ഇത്രയും വലിയ ആക്രമണം നടത്തുന്നത് എന്തിനാണെന്നും വൈഷ്ണ ചോദിച്ചു. കാപ്പ കേസിൽ ജയിലിലായ കൗൺസിലർ ആർ സുഗതൻ ഒപ്പിടാത്ത രജിസ്റ്ററിൽ ആരും ഒപ്പിടേണ്ട എന്നായിരുന്നു അവരുടെ അജണ്ടയെന്നും ഇതിനെ നിയമപരമായി തന്നെ നേരിടുമെന്നും വൈഷ്ണ സുരേഷ് മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിനിടെയാണ് യുഡിഎഫ്- ബിജെപി അംഗങ്ങൾ തമ്മിൽ കയ്യാങ്കളി ഉണ്ടായത്. ബിജെപി കൗൺസിലർ ആർ സുഗതൻറെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച കോൺഗ്രസ് അംഗങ്ങളുമായി ബിജെപി അംഗങ്ങൾ ഏറ്റുമുട്ടി. മിനിട്സ് ബുക്കിൽ ഒപ്പിടാൻ കോൺഗ്രസ് അംഗങ്ങളെ ബിജെപി കൗൺസിലർമാർ അനുവദിച്ചില്ലെന്നാണ് പരാതി. ഇതോടെ കോൺഗ്രസ് – ബിജെപി അംഗങ്ങൾ പരസ്പരം ഏറ്റുമുട്ടി. ബിജെപി കൗൺസിലർ ചെമ്പഴന്തി ഉദയൻ, വനിതാ അംഗങ്ങളെ കയ്യേറ്റം ചെയ്‌തെന്ന് കോൺഗ്രസ് ആരോപിച്ചു. ബിജെപി കൗൺസിലറുടെ ഷർട്ട് വലിച്ചു കീറിയെന്ന് ബിജെപിയും ആരോപിച്ചു.
ഹാജർ ബുക്കിൽ ഒപ്പിടാൻ ബിജെപി കൗൺസിലർമാർ അനുവദിക്കാത്തതാണ് പ്രശ്നം വഷളാക്കിയതെന്ന് കെ എസ് ശബരീനാഥൻ പറഞ്ഞു. ബി ജെ പി കൗൺസിലർമാർ ആസൂത്രിതമായി ആക്രമിക്കുകയായിരുന്നെന്ന് ശബരീനാഥനും വനിത കൗൺസിലർമാരും ആരോപിച്ചു. അതേസമയം കൃത്രിമം നടത്താനുള്ള കോൺഗ്രസ് ശ്രമം തടയുക മാത്രമാണ് തങ്ങൾ ചെയ്തതെന്ന് ബി ജെ പി കൗൺസിലർ ചെമ്പഴന്തി ഉദയൻ അവകാശപ്പെട്ടു. യു ഡി എഫ് കൗൺസിലർമാർ ബോധപൂർവം അക്രമം ഉണ്ടാക്കുകയായിരുന്നെന്ന് മേയർ വി വി രാജേഷും ആരോപിച്ചു. ഹാജർ രജിസ്റ്ററിലെ ചില പേജുകൾ കീറാൻ ശ്രമിച്ചെന്നും അതാണ് ചെമ്പഴന്തി ഉദയൻ തടയാൻ ശ്രമിച്ചതെന്നും മേയർ പറഞ്ഞു.














































