കോഴിക്കോട്: വെള്ളിമാട്കുന്ന് ഗവ. ജുവനൈൽ ഹോമിലെ അന്തേവാസിയായിരുന്ന 12 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ജുവനൈൽ ഹോമിലെ കെയർടേക്കറായ ചെലവൂർ സ്വദേശി പി. അയൂബിനെയാണ് ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസ് കേസെടുത്ത പിന്നാലെ ഒളിവിൽ പോയ പ്രതിയെ കണ്ടെത്താനായി അന്വേഷണം ഊർജ്ജിതമാക്കിയതോടെ ഇയാൾ കോടതിയിൽ കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിക്കും മാർച്ചിനുമിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൗൺസിലങ്ങിനിടെ കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയതോടെ ജൂൺ അഞ്ചാം തീയതി കേസെടുത്തു. ഇതിന് ശേഷം പ്രതി ഒളിവിലായിരുന്നു.കോടതിയിൽ കീഴടങ്ങിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
കെയർടേക്കറായ ഇയാൾ കുട്ടിയെ സ്ഥാപനത്തിൽ വച്ച് പലതവണ പ്രകൃതിവിരുദ്ധ ലൈംഗീകപീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. സ്ഥാപനത്തിലെ മറ്റ് കുട്ടികളെ ഇത്തരത്തിലുള്ള പീഡനങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ടോ എന്നുള്ളകാര്യത്തിലുൾപ്പെടെ അന്വേഷണം നടന്നുവരികയാണ്.














































