ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കാനായി ബെൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വെവർ കരുതിവെച്ചത് വ്യത്യസ്തമായൊരു സമ്മാനം. ഒന്നാംതരം ബെൽജിയൻ ചോക്ലേറ്റിൽ തീർത്ത ഇന്ത്യാഗേറ്റിന്റെ മാതൃക. എന്നാൽ, ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ ചോക്ലേറ്റ് ഇന്ത്യാഗേറ്റ് കേടായതോടെ സമ്മാനം മോദിക്ക് നൽകാനായില്ല.
മോദിക്കൊപ്പം ഡൽഹിയിൽ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് ബാർട്ട് ഡി വെവർ രസകരമായ സംഭവം പങ്കുവെച്ചത്. യഥാർഥ ഇന്ത്യാഗേറ്റ് ഏകദേശം ഒരു നൂറ്റാണ്ടായി നിലനിൽക്കുമ്പോൾ, അതിന്റെ ചോക്ലേറ്റ് മാതൃകയ്ക്ക് ഇന്ത്യയിലേക്കുള്ള യാത്ര പോലും അതിജീവിക്കാനായില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘നയതന്ത്രത്തിന് ചോക്ലേറ്റ് മികച്ചതാണ്, എന്നാൽ നയതന്ത്രയാത്രയ്ക്ക് അത്ര മികച്ചതല്ലെന്ന് മനസ്സിലായി’ എന്നായിരുന്നു ബെൽജിയം പ്രധാനമന്ത്രിയുടെ തമാശ കലർന്ന പ്രതികരണം.
എന്നാൽ സമ്മാനം നൽകാനുള്ള ആഗ്രഹം ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചോക്ലേറ്റിൽ തീർത്ത ഇന്ത്യാഗേറ്റിന്റെ മറ്റൊരു മാതൃക ബെൽജിയത്തിൽ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്നും അത് ഏതുവിധേനയും മോദിക്ക് എത്തിച്ചുനൽകുമെന്നും ബാർട്ട് ഡി വെവർ പറഞ്ഞു.
ഇന്ത്യയും ബെൽജിയവും തമ്മിലുള്ള ചരിത്രബന്ധം ഓർമിപ്പിക്കുന്നതിനാണ് ഇന്ത്യാഗേറ്റിന്റെ മാതൃക സമ്മാനമായി തിരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഒന്നാം ലോകമഹായുദ്ധകാലത്ത് ബെൽജിയത്തിൽ പോരാടുകയും ജീവൻ നഷ്ടപ്പെടുത്തുകയും ചെയ്ത ഇന്ത്യൻ സൈനികരുടെ സ്മരണയുമായി ഇന്ത്യാഗേറ്റിന് ബന്ധമുണ്ടെന്നും ബാർട്ട് പറഞ്ഞു.
വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ, നിക്ഷേപം, നിർണായക ധാതുക്കൾ തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതാണ് ബാർട്ട് ഡി വെവറിന്റെ ഇന്ത്യാ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. 2025 ഫെബ്രുവരിയിൽ പ്രധാനമന്ത്രിയായ ശേഷം അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. രണ്ടു പതിറ്റാണ്ടിനിടെ ഒരു ബെൽജിയം പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഇന്ത്യാ സന്ദർശനം കൂടിയാണിത്.






