തൃശൂർ: സ്ത്രീവിരുദ്ധ പ്രസ്താവന ഏറെ വിവാദമായതിന് പിന്നാലെ വിശദീകരണവുമായി സമസ്ത എപി വിഭാഗം നേതാവ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. തങ്ങൾ സ്ത്രീകളെ കുഴിച്ചു മൂടണമെന്ന് പറയുന്നവരല്ലെന്നും ഇസ്‌ലാം അങ്ങനെ പറയുന്നില്ലെന്നും കാന്തപുരം പറഞ്ഞു. സ്ത്രീകൾക്ക് രണ്ടാം സ്ഥാനം നൽകി എന്ന് പറയുന്നത് ശരിയല്ല. പെൺകുട്ടികൾക്ക് മാത്രമായി മദ്രസയും സ്കൂളും നമ്മൾ സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിൽ പെൺകുട്ടികൾക്കായി ധാരാളം സ്ഥാപനങ്ങൾ നടത്തുന്നുണ്ട്.
അതുപോലെ ഇന്ത്യയുടെ പലഭാഗങ്ങളിലും പെൺകുട്ടികൾക്ക് വേറെയും ആൺകുട്ടികൾക്ക് വേറെയുമായി സ്ഥാപനങ്ങൾ ഉണ്ടാക്കി. അനാഥരായ പെൺകുട്ടികളെയും സംരക്ഷിക്കുന്നുണ്ട്. ഭക്ഷണം വസ്ത്രവും മരുന്നും സൗജന്യമായി കൊടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ ജില്ലാ മീലാദ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം നബിദിന ആഘോഷങ്ങളിൽ സ്ത്രീകളെ പങ്കെടുപ്പിച്ചതിൽ വിമർശനം ഉയർന്നതിന് പിന്നാലെ മഹല്ലുകൾക്കും മദ്രസകൾക്കും നിർദ്ദേശം എന്ന നിലയിൽ കാന്തപുരം അബൂബക്കർ മുസ്‌ലിയാർ ഇറക്കിയ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അന്യ പുരുഷന്മാർക്കിടയിൽ വേദിയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങൾ അതിരുകടക്കുന്നത് തടയണമെന്നുമായിരുന്നു പ്രസ്താവനയിൽ പറഞ്ഞത്. ഇതിനെതിരെ ഇടതുസംഘടനകളടക്കം പലരും രംഗത്തെത്തിയിരുന്നു. സംഭവം വിവാദമായി നിൽക്കെ പറഞ്ഞതിൽ ഉറച്ചുവിൽക്കുകയാണ് കാന്തപുരം ചെയ്തത്. സ്ത്രീകളെ രംഗത്തിറക്കിയാൽ വലിയ നാശമാണ് എന്ന് കണ്ടതുകൊണ്ടാണ് ഇസ്ലാം പർദ്ദ നിർബന്ധമാക്കിയതെന്നും പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നുമാണ് കാന്തപുരം പറഞ്ഞത്. സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നും അബൂബക്കർ മുസ്‌ലിയാർ പറഞ്ഞിരുന്നു. ഇതിനെതിരെയും വ്യാപക വിമർശനം ഉയർന്നിരുന്നു.
പിന്നാലെ കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി വി ഡി സതീശനും രംഗത്തെത്തി. സ്ത്രീകൾ വീടുകളിൽ അടങ്ങി ഒതുങ്ങി കഴിയേണ്ടവരല്ലെന്നും കാന്തപുരത്തിന്റെ പ്രസ്താവനയോട് ഒരുതരത്തിലും യോജിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 19-ാം നൂറ്റാണ്ടിൽ പറയുന്ന കാര്യം 21-ാം നൂറ്റാണ്ടിൽ പറയുന്നു എന്നും മുഖ്യമന്ത്രി വിമർശിച്ചു. പ്രസ്താവനയോട് കേരള സർക്കാരിനോ തങ്ങളുടെ പാർട്ടിക്കോ ഒരു തരത്തിലും യോജിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കാന്തപുരം ഇസ്‌ലാമിനെ തെറ്റായി വ്യാഖ്യാനിക്കുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.






