മുംബൈ: ഐപിഎല്ലിൽ താരങ്ങളുടെ പ്രകടനത്തിന് പുറമെ അവരുടെ വ്യക്തിജീവിതവും ചർച്ചയാകുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണങ്ങളുമായി ബിസിസിഐ. സീസൺ നടക്കുന്നതിനിടെ താരങ്ങൾ ഗേൾഫ്രണ്ട്സിനൊപ്പം പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നതും ടീം ബസുകളിലും ഹോട്ടലുകളിലും ഒപ്പം കൂട്ടുന്നതും വർധിച്ചതോടെയാണ് ബോർഡ് ഇടപെടൽ ശക്തമാക്കുന്നത്. ‘ഗേൾഫ്രണ്ട് കൾച്ചർ’ എന്ന പേരിലാണ് ഈ പ്രവണതയെ ബിസിസിഐ വിലയിരുത്തുന്നത്.
ദൈനിക് ജാഗരൺ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, ചില താരങ്ങളുടെ പങ്കാളികളുടെ സോഷ്യൽ മീഡിയ ഇടപെടലുകളാണ് പുതിയ മാർഗനിർദ്ദേശങ്ങൾ ആലോചിക്കാൻ കാരണമായത്. ഇൻഫ്ലുവൻസർമാരായ ഇവരിലൂടെ ടീമിന്റെ ആന്തരിക വിവരങ്ങൾ പുറത്തുപോകാനുള്ള സാധ്യത ഉണ്ടെന്ന ആശങ്കയാണ് ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം ഉയർത്തിയത്.
ഇതിനൊപ്പം, ചില താരങ്ങളുടെ പങ്കാളികൾ മുൻപ് ബെറ്റിംഗ് ആപ്പുകൾ പ്രമോട്ട് ചെയ്ത സംഭവങ്ങളും ബോർഡിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് ഐപിഎല്ലിന്റെ വിശ്വാസ്യതക്കും പ്രതിച്ഛായയ്ക്കും തിരിച്ചടിയാകാമെന്നാണ് വിലയിരുത്തൽ. ഗേൾഫ്രണ്ട്സിനായി ടീം ബസുകൾ കാത്തുനിൽക്കുന്നതും ഔദ്യോഗിക അനുമതിയില്ലാതെ ഹോട്ടലുകളിൽ താമസിക്കുന്നതുമൊക്കെയായി ചില അനിയന്ത്രിത പ്രവണതകളും അന്വേഷണത്തിൽ കണ്ടെത്തിയതായി സൂചനയുണ്ട്.
നിലവിലെ നയപ്രകാരം താരങ്ങളുടെ ഭാര്യമാർക്കും കുടുംബാംഗങ്ങൾക്കുമാണ് നിർദ്ദിഷ്ട മാർഗനിർദ്ദേശങ്ങളോടെ കൂടെ യാത്ര ചെയ്യാനും താമസിക്കാനും അനുമതി. എന്നാൽ ചിലർ തങ്ങളുടെ പങ്കാളികളെ ‘ഓഫീഷ്യൽ പാർട്ണർ’ എന്ന നിലയിൽ പരിചയപ്പെടുത്തി ഒപ്പം താമസിപ്പിക്കുന്നതായും ഇത് ആരുടെ അനുമതിയോടെയാണെന്നതിൽ വ്യക്തത വേണമെന്നുമാണ് ബോർഡിന്റെ നിലപാട്.
ഹാർദിക് പാണ്ഡ്യ, യശസ്വി ജയ്‌സ്വാൾ, ഇഷാൻ കിഷൻ, അർഷ്ദീപ് സിംഗ് എന്നിവരുള്‍പ്പെടെയുള്ള ചില താരങ്ങൾ ഈ സീസണിൽ സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്തതും വാർത്തയായിരുന്നു. ഫ്രാഞ്ചൈസികൾ സ്വകാര്യ ഉടമസ്ഥതയിലുള്ളതായാലും എല്ലാ ടീമുകൾക്കും ഒരുപോലെ ബാധകമായ ഏകീകൃത ചട്ടങ്ങൾ കൊണ്ടുവരാനാണ് ബിസിസിഐയുടെ നീക്കം. പുതിയ മാർഗനിർദ്ദേശങ്ങൾ ഇന്ത്യൻ ടീമിന്റെ വിദേശ പര്യടനങ്ങൾക്കും ബാധകമാക്കാനാണ് ആലോചന. അടുത്ത ബോർഡ് യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനം പ്രതീക്ഷിക്കപ്പെടുന്നു.


















































