കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറുകയും വീട്ടുകാരെ ആക്രമിക്കുകയും ചെയ്ത യുവാവിനും സുഹൃത്തുക്കൾക്കുമെതിരെ കേസെടുത്ത് പോലീസ്. താമരശ്ശേരിയിൽ ഇന്നലെ അർധരാത്രിയാണ് സംഭവം. സംഭവത്തിൽ അടിവാരം സ്വദേശി മിഷ്ബാഹുലിനെതിരെ പോലീസ് പോക്സോ കേസെടുത്തു.
അതേസമയം യുവാവും പെൺകുട്ടിയും തമ്മിൽ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം. രാത്രി പെൺകുട്ടിയുടെ മുറിയിൽ മിഷ്ബാഹുൽ ഒളിച്ചുകടക്കുകയായിരുന്നു. വിവരമറിഞ്ഞ വീട്ടുകാർ മുറി പുറത്തുനിന്നു പൂട്ടി. എന്നാൽ, മിഷ്ബാഹുൽ ഇക്കാര്യം ഫോണിലൂടെ സുഹൃത്തുക്കളെ വിളിച്ച് അറിയിച്ചു. ഇതോടെ സുഹൃത്തുക്കൾ സംഘം ചേർന്നെത്തി വീട്ടുകാരെ ആക്രമിച്ച് മിഷ്ബാഹുലിനെ മോചിപ്പിക്കുകയായിരുന്നു.ആറുപേർക്കെതിരെ വീടുകയറി ആക്രമിച്ചതിനും കേസെടുത്തിട്ടുണ്ട്. പോലീസ് വിശദമായ അന്വേഷണം തുടങ്ങി.



















































