ന്യൂഡൽഹി: സർക്കാർ പരിപാടികളിൽ ‘വന്ദേമാതരം’ ആലപിക്കുന്നതുമായി ബന്ധപ്പെട്ട പ്രോട്ടോക്കോൾ പാലിക്കില്ലെന്ന കോൺഗ്രസ് നിലപാടിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസിന്റെ നിലപാട് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടുകയും ജീവൻ ബലിയർപ്പിക്കുകയും ചെയ്തവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഷാ ആരോപിച്ചു.
കോൺഗ്രസ് ‘പ്രീണന രാഷ്ട്രീയം’ പിന്തുടരുകയാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. 1937ൽ കോൺഗ്രസ് മുസ്‍ലിം പ്രീണനത്തിന്റെ ഭാഗമായി വന്ദേമാതരം രണ്ട് ഭാഗങ്ങളായി വിഭജിച്ചുവെന്നാണ് അമിത് ഷായുടെ ആരോപണം. ഈ തീരുമാനം പിന്നീട് രാജ്യവിഭജനത്തിന് വഴിയൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു. വന്ദേമാതരത്തിന്റെ പൂർണരൂപം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ സ്വീകരിച്ച നടപടിയെ ചരിത്രപരമായ തെറ്റ് തിരുത്താനുള്ള ശ്രമമായും അമിത് ഷാ വിശേഷിപ്പിച്ചു.
വന്ദേമാതരത്തിന്റെ 150ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നരേന്ദ്ര മോദി സർക്കാർ പൂർണ വന്ദേമാതരം ആലപിക്കുന്നതിലൂടെ ചരിത്രപരമായ തെറ്റ് തിരുത്താനും ദേശീയ ഐക്യം ശക്തിപ്പെടുത്താനും ശ്രമിച്ചുവെന്നും അമിത് ഷാ പറഞ്ഞു. വന്ദേമാതരം ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രവുമായി ആഴത്തിൽ ബന്ധപ്പെട്ട ഗാനമാണെന്നും അതിനോടുള്ള സമീപനം രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.






