‘അമ്മ’യ്ക്കുള്ളിലെ സമീപകാല വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി നടി പൊന്നമ്മ ബാബു. നടി അൻസിബ ഒരുപാട് വിഷമിച്ചതായും സ്വന്തം സങ്കടം പറഞ്ഞപ്പോൾ കേൾക്കാൻ പോലും സംഘടനയിൽ ആരും ഉണ്ടായില്ല എന്നും ആ അവഗണനയാണ് പ്രശ്നങ്ങൾ ഇത്രയും വഷളാകാനും കേസിലേക്ക് കാര്യങ്ങൾ നീങ്ങാനും കാരണം എന്നും പൊന്നമ്മ ബാബു പറയുന്നു.
“ലക്ഷ്മിപ്രിയ ഞങ്ങളുടെ പേര് വച്ച് ലെറ്റർ അയച്ചതെന്തിനെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. അമ്മയുടെ ‘പെൺമക്കൾ’ ഗ്രൂപ്പും ഞങ്ങളും ഒക്കെക്കൂടിയാണ് ലക്ഷ്മിയെ ഇലക്ഷന് നിർത്തി വിജയിപ്പിച്ചത്. ഞങ്ങൾ മൂന്നുപേരെയാണ് നിർത്തിയത്, ആശാ അരവിന്ദിനെയും, അഞ്ജലി നായരെയും, ലക്ഷ്മിപ്രിയയെയും. മൂന്നുപേരും ജയിച്ചു. ജയിച്ചപ്പോൾ ഒന്നാമത് ഒരു സന്തോഷം പറയുമെന്നാണ് ഞാൻ പ്രതീക്ഷിച്ചത്. അങ്ങനെ ഒരു സന്തോഷം പറഞ്ഞു കിട്ടിയിരുന്നെങ്കിൽ വലിയ സന്തോഷമായേനെ.
പക്ഷേ, ഇതേത് അടിസ്ഥാനത്തിലാണ് അവർ ‘മരിച്ചാലും കാണാൻ ചെല്ലരുത്’ എന്നൊക്കെ പറഞ്ഞതെന്ന് എനിക്ക് മനസ്സിലായിട്ടേയില്ല. അവിടെ കമ്മിറ്റിയിലെ കുറെ കാര്യങ്ങൾ സംസാരിച്ച കൂട്ടത്തിൽ ലക്ഷ്മിയുമായി ബന്ധപ്പെടുന്ന ഒരു കാര്യവും വ്യക്തിപരമായി സംസാരിച്ചിട്ടില്ല. ലക്ഷ്മിക്ക് എന്നോട് വലിയ കാര്യമായിരുന്നു. എന്നെ ‘പൊന്നു അമ്മ’ എന്നാണ് വിളിച്ചിരുന്നത്. ലക്ഷ്മിക്ക് ഞാൻ അമ്മയെപ്പോലെ ആണ് എന്നാണ് പറഞ്ഞിരുന്നത്. എപ്പോഴാണ് ഞങ്ങളോട് ഇത്രയും ദേഷ്യം ഉണ്ടായതെന്ന് മനസ്സിലാകുന്നില്ല. അമ്മയെപ്പോലെ കരുതുന്ന ഒരാളോട് പറയുന്ന കാര്യമാണോ ലക്ഷ്മി പറഞ്ഞത്. തെറ്റ് കണ്ടാൽ ഞാൻ ചൂണ്ടിക്കാണിക്കും. ഒരുപക്ഷേ അതായിരിക്കും എന്നോടുള്ള ദേഷ്യത്തിന് കാരണം.













































