നടൻ സലിംകുമാറിന്റെ സംസ്കാരച്ചടങ്ങിൽ യുട്യൂബർമാർ തിക്കും തിരക്കുമുണ്ടാക്കിയ സംഭവത്തിൽ പ്രതികരണവുമായി നടനും സംവിധായകനുമായ മഹേഷ് രംഗത്ത്. തന്റെ മരണശേഷം മണിക്കൂറുകൾക്കുള്ളിൽതന്നെ മൃതദേഹം ചാരമാക്കണമെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. നിശ്ചല ശരീരം കണ്ട് തന്നെക്കുറിച്ചുള്ള ഓർമകളിൽ ആർക്കും സങ്കടം ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
“പ്രിയരെ, പ്രിയ സലിം കുമാർ യാത്ര ആയപ്പോൾ ഓൺലൈൻ മീഡിയ കാരണം സലിം കുമാറിന്റെ മകന്റെ വിഷമം നമ്മൾ കണ്ടു. ഞാൻ അത്രയും വലിയ അറിയപ്പെടുന്ന നടനല്ല. പക്ഷേ എന്നെ മരണം എന്നെ പുൽകി മണിക്കൂർ തികയ്ക്കും മുൻപേ വൈദ്യുതി ശ്മശാനത്തിൽ എന്നെ ചാരമാക്കി മാറ്റണം.. ഒരു റീത്തും വേണ്ട.
നിശ്ചലമായി കിടക്കുന്ന ശരീരം കണ്ട് എന്നെ പറ്റിയുള്ള ഓർമ്മകൾ ആർക്കും ഒരു രീതിയിലും അലോസരമോ സങ്കടമോ ഉണ്ടാക്കുകയും വേണ്ട. ബന്ധുക്കൾ പോലും ദിനങ്ങൾ കഴിഞ്ഞ് അറിഞ്ഞാൽ മതി. എല്ലാപേരും ജീവനുള്ള എന്നെ ഓർത്താൽ മതി. മക്കൾ പോലും.” മഹേഷിന്റെ വാക്കുകൾ.
അതേസമയം നടൻ സലിംകുമാറിന്റെ സംസ്‌കാരച്ചടങ്ങുകൾക്കിടെ പോലീസിന്റെ നടപടികൾക്ക് മുന്നോടിയായി സ്ഥലത്തെ തിരക്ക് നിയന്ത്രിക്കാൻ ശ്രമിക്കുകയായിരുന്നു മകനും നടനുമായ ചന്തുവിന് അല്പം പരുഷമായി തന്നെ പ്രതികരിക്കേണ്ടിവന്നതും ഏറെ ചർച്ചകൾക്ക് വകവച്ചിരുന്നു.ഈ സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ കടുത്ത വിമർശനമാണ് ഓൺലൈൻ മാധ്യമങ്ങൾക്കെതിരേ ഉയർന്നത്. മരണവീട്ടിൽ പരിസരബോധമില്ലാതെ പെരുമാറുന്ന ഇത്തരക്കാർക്കെതിരേ സാമൂഹികമാധ്യമങ്ങളിൽ കടുത്ത വിമർശനമുയർന്നു. ഈ സാഹചര്യം അനുസ്മരിച്ചാണ് മഹേഷിന്റെ പ്രതികരണം.















































