കൊല്ലം: കുടുംബവീട് ഒഴിഞ്ഞു കൊടുക്കാത്തതിന്റെ പേരിൽ മാതൃസഹോദരിയെ മർദിച്ചു കൊലപ്പെടുത്താൻ ശ്രമം.വയോധികയ്ക്ക് ഗുരുതര പരുക്ക്. കടയ്ക്കൽ കുമ്മിൾ സ്വദേശി ലീലയ്ക്കാണ് (75) ക്രൂര മർദനമേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സഹോദരിയുടെ മകൻ മധു അറസ്റ്റിലായി.
മധു മദ്യപിച്ചെത്തി ലീലയെ മർദിക്കുന്നത് പതിവായിരുന്നു. ഇന്നലെ രാത്രി പതിനൊന്നോടെ മദ്യപിച്ചെത്തിയ മധു വീടിനു മുന്നിലിരിക്കുകയായിരുന്ന ലീലയെ ഓല മടൽ ഉപയോഗിച്ച് അടിക്കുകയായിരുന്നു. തലയ്ക്കും ദേഹമാസകലും അടിയേറ്റ ലീലയുടെ നിലവിളി കേട്ടെത്തിയ അയൽവാസികളാണ് പോലീസിൽ വിവരം അറിയിച്ചത്. ആക്രമണത്തിൽ ലീലയുടെ വാരിയെല്ലിനു പൊട്ടലേറ്റു. ആദ്യം ഇവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതോടെ മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു.
അതേസമയം ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ മധുവിന്റെ അമ്മയ്ക്കും മർദനമേറ്റു. മധുവിനെ കടയ്ക്കൽ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്. മധുവിന്റെ അമ്മയുടെ മൊഴിയും രേഖപ്പെടുത്തി. ഭാര്യയുടെ അസ്വഭാവിക മരണത്തിൽ മധു പ്രതിയാണ്. മദ്യപിച്ചെത്തി ഇയാൾ ഭാര്യയെ പതിവായി മർദിച്ചിരുന്നുവെന്നാണ് അയൽവാസികളുടെയും ബന്ധുക്കളുടെയും മൊഴിയിൽ പറയുന്നത്.






