തൃശ്ശൂർ: തോമസ് ഉണ്ണിയാടൻ എംഎൽഎയെ എന്തുകൊണ്ട് മന്ത്രിയാക്കിയില്ലെന്ന് വീണ്ടും ചോദിക്കാനാഗ്രഹിക്കുന്നതായി അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ടി.എൻ. പ്രതാപൻ. മന്ത്രി സ്ഥാനമോ, ചീഫ് വിപ്പ് സ്ഥാനമോ ലഭിക്കാത്തതിൽ കേരള കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ഉണ്ണിയാടൻ നിയമസഭാംഗമായതിന്റെ 25-ാം വാർഷികത്തിൽ അദ്ദേഹത്തോടൊപ്പം നിൽക്കുന്നവർ ചേർന്നൊരുക്കിയ സ്‌നേഹാദരം പരിപാടി തൃശ്ശൂർ സാഹിത്യ അക്കാദമി എം.ടി. ഹാളിൽ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതേസമയം ഘടകക്ഷിയായ കേരള കോൺഗ്രസിന്റെ നേതൃത്വത്തിനെതിരേ ആഞ്ഞടിച്ചായിരുന്നു പ്രതാപന്റെ പ്രസംഗം. കേരള കോൺഗ്രസിൽ പി.ജെ. ജോസഫ് കഴിഞ്ഞാൽ തൊട്ടുതാഴെയുള്ള, പാർട്ടി ഡെപ്യൂട്ടി ചെയർമാനായ അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതു കാണാൻ തിരുവനന്തപുരം സെൻട്രൽസ്റ്റേഡിയത്തിലേക്കു പോകാനൊരുങ്ങിയിരുന്നതായിരുന്നു നമ്മളെല്ലാവരും. കാരണം അദ്ദേഹത്തെക്കാൾ വളരെ താഴെയുള്ളവർ മന്ത്രിമാരായി. എന്തുകഴിവു കുറവാണ് ഉണ്ണിയാടനുള്ളത്. ചിലപ്പോൾ ഉണ്ണിയാടന്റെ അപ്പൻ മന്ത്രിയായിട്ടുണ്ടാകില്ല, ചെയർമാനായിട്ടുണ്ടാകില്ല, പക്ഷേ, ഗവ. ചീഫ്‌വിപ്പ് സ്ഥാനത്തേക്ക് മക്കളെയല്ല, ഉണ്ണിയാടനെയായിരുന്നു കൊണ്ടുവരേണ്ടതെന്നു പറയുന്നതിൽ ആർക്കും പരിഭവവും പരാതിയും തോന്നരുത്. വ്യക്തിപരമായ അഭിപ്രായം പറഞ്ഞതാണ്.’
കേരള കോൺഗ്രസ് ചെയർമാൻ പിജെ ജോസഫ് മകൻ അപു ജോസഫിനെ ചീഫ് വിപ്പാക്കിയ നടപടിയെ നേരിട്ട് പരാമർശിക്കാതെ വിമർശിച്ചുകൊണ്ട് പ്രതാപൻ പറഞ്ഞു. ഈ സ്വീകരണം തൃശ്ശൂരുകൊണ്ട് നിർത്തരുതെന്നും മറ്റ് ജില്ലകളിലും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കേരള കോൺഗ്രസിലെ സംസ്ഥാനനേതാക്കൾ പങ്കെടുത്തില്ലെങ്കിലും ഒട്ടേറെ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ, രാജൻ ജെ. പല്ലൻ എം.എൽ.എ., ഡി.സി.സി. പ്രസിഡന്റ് ജോസഫ് ടാജറ്റ്, ഇരിങ്ങാലക്കുട നഗരസഭാധ്യക്ഷൻ എം.പി. ജാക്‌സൻ, മുൻ ഡി.സി.സി. പ്രസിഡന്റ് ഒ. അബ്ദുറഹ്‌മാൻകുട്ടി, കെ.പി.സി.സി. സെക്രട്ടറി ജോസ് വള്ളൂർ, മുൻ എം.എൽ.എ. എം.പി. വിൻസന്റ് തുടങ്ങിയവർ സംസാരിച്ചു.






