പെരുന്ന: വാഹനാപകടത്തിൽ പരുക്കേറ്റ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മന്ത്രി പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെത്തി സുകുമാരൻ നായരെ കണ്ടത്. 20 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടു. സുകുമാരൻ നായർ കഴിഞ്ഞ ദിവസം വാഹനാപകടത്തിൽപ്പെട്ടതിനെ തുടർന്നാണ് മന്ത്രിയുടെ സന്ദർശനം.
ഇന്ന് രാവിലെ മന്ത്രി പി.സി. വിഷ്ണുനാഥും പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെത്തി സുകുമാരൻ നായരെ സന്ദർശിച്ചിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് എംസി റോഡിൽ കുരമ്പാല അമൃത സ്കൂൾ ജംക്‌ഷന് സമീപം അപകടമുണ്ടായത്. സുകുമാരൻ നായർ സഞ്ചരിച്ചിരുന്ന കാറിൽ എതിരെ വന്ന പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. വലതുകൈക്ക് നിസാര പരുക്കേറ്റ അദ്ദേഹം പന്തളം എൻഎസ്എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയശേഷം ചങ്ങനാശേരിയിലേക്ക് മടങ്ങി.
പെരുമ്പുളിക്കൽ എൻഎസ്എസ് പോളിടെക്നിക് കോളജിലെ റോഡ് നിർമാണ പ്രവർത്തനങ്ങൾ പരിശോധിക്കാനെത്തിയതായിരുന്നു സുകുമാരൻ നായർ. അപകടത്തിൽ മറ്റാർക്കും കാര്യമായ പരുക്കുകളില്ലെന്നാണ് വിവരം.





