കൽപ്പറ്റ: അബ്കാരി കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ 24 മണിക്കൂറിലേക്ക് എക്സൈസിന്റെ കസ്റ്റഡിയിൽ വിട്ടു. കേസിൽ വിശദമായ അന്വേഷണം നടത്തണമെന്നും ആന്റോയുടെ വീട്ടിൽ നിന്നും കണ്ടെത്തിയ അളവിൽ കവിഞ്ഞ മദ്യത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു.
അതുപോലെ മദ്യം എവിടെ നിന്ന് കിട്ടിയെന്ന് അറിയണം. മാഹിയിൽ നിന്നും ഒരു ലിറ്റർ കടത്തിക്കൊണ്ട് വന്നാൽ പോലും കുറ്റകരമാണ്. അപ്പോൾ മദ്യമെത്തിച്ചത് എയർപോർട്ട് വഴിയാണോ, സീ പോർട്ട് വഴിയാണോ ഇതെല്ലാം അന്വേഷിക്കണം. ആൽക്കഹോൾ അടങ്ങിയ പാനീയം എവിടെയാണ് നിർമിച്ചതെന്ന് അന്വേഷിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
അതേസമയം 43.85 ലിറ്റർ മദ്യം കൊണ്ടുവന്നാൽ 5000 രൂപയും തടവും മാത്രമാണ് വരുന്നതെന്ന് പ്രതിഭാഗം വാദിച്ചു. എന്തിനാണ് അദ്ദേഹത്തെ മാധ്യമങ്ങൾക്ക് മുന്നിൽ വലിച്ചിഴക്കുന്നത്? മദ്യം പിടികൂടുന്ന സമയത്ത് പ്രതി ആ വീട്ടിൽ ഇല്ല. തന്റെ കയ്യിൽ ഇല്ലാത്ത സാധനത്തിന് എന്തിന് ഉത്തരം പറയണമെന്നും പ്രതിഭാഗം ചോദിച്ചു. കൂടാതെ എക്‌സൈസ് ആവശ്യപ്പെട്ട നാല് ദിവസത്തെ കസ്റ്റഡിയെയും പ്രതിഭാഗം എതിർത്തു.
എക്സൈസ് നാല് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും കോടതി ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ നാളെ ഉച്ചയ്ക്ക് 12 മണി വരെയാണ് കസ്റ്റഡി അനുവദിച്ചത്. സുൽത്താൻ ബത്തേരിയിലാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. ഇന്നലെ ഹൈക്കോടതിയും ആന്റോയ്ക്ക് ഇടക്കാല ജാമ്യം നിഷേധിച്ചിരുന്നു. എന്നാൽ ചൊവ്വാഴ്ച കസ്റ്റഡി അവസാനിപ്പിക്കണമെന്നും നിർദേശമുണ്ട്. അനുമതിയില്ലാതെ 43 ലിറ്ററിലധികം വിദേശമദ്യം സൂക്ഷിച്ചതിനാണ് കേസ്. മദ്യം കണ്ടെടുത്ത വീടിന്റെ ഉടമസ്ഥാവകാശം ഭാര്യമാതാവിന്റെ പേരിലാണെന്നാണ് പ്രതിഭാഗത്തിന്റെ മറ്റൊരു വാദം. എന്നാൽ നികുതി രസീതുകൾ ആന്റോയുടെ പേരിൽ തന്നെയാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു.





