പാലക്കാട്: എല്‍ഡിഎഫ് സര്‍ക്കാരായിരുന്നു ഭരണത്തിലെങ്കില്‍ ഇപ്പോള്‍ മെസ്സി വന്നേനെയെന്ന് സിപിഎം നേതാവ് എ.കെ ബാലന്‍. തങ്ങളുടെ സര്‍ക്കാരാണ് ഇപ്പോഴുമെങ്കില്‍ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെയെന്നാണ് എ.കെ ബാലന്‍ പറഞ്ഞത്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു എ.കെ ബാലന്റെ പ്രതികരണം.മെസ്സിയുടെ പേരില്‍ നടത്തിയ തട്ടിപ്പില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിനെ പിന്തുണച്ചുകൊണ്ടാണ് എ.കെ ബാലന്‍ സംസാരിച്ചത്.
സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടില്ല. ഹോട്ടല്‍ ഭക്ഷണം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയാലല്ലേ തെറ്റ്? ഒരു ടോക്കണ്‍ പോലും വാങ്ങിയിട്ടില്ല. എന്നിട്ടാണ് കേസെടുക്കുന്നതെന്നും എ.കെ ബാലന്‍ പറഞ്ഞു. മാസപ്പടിക്കേസില്‍ ധൈര്യമുണ്ടെങ്കില്‍ സര്‍ക്കാര്‍ എഫ്‌ഐആര്‍ ഇടണമെന്നും എ.കെ ബാലന്‍ പ്രതികരിച്ചു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ മന്ത്രി ചെന്നിത്തലയും കൂട്ടരുമാണ് കുടുങ്ങുക. എഫ്‌ഐആര്‍ ഇടാന്‍ വെല്ലുവിളിക്കുകയാണ്.
ഈ കേസില്‍ വിജിലന്‍സുമായി ബന്ധപ്പെട്ട പരിശോധന നേരത്തെ കഴിഞ്ഞതാണ്. ആര് വിചാരിച്ചാലും പിണറായിയെയും കുടുംബത്തെയും തകര്‍ക്കാനാകില്ല, പിണറായി കേരള രാഷ്ട്രീയത്തില്‍ തിളങ്ങി നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി. ജയരാജനെയും രാജേഷിനെയും സെക്രട്ടറിയേറ്റില്‍ എടുത്തത് വൈകി പോയിട്ടില്ലെന്നും എ.കെ ബാലന്‍ പറഞ്ഞു. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ എന്നും അദ്ദേഹം പ്രതികരിച്ചു.






