ഇസ്ലമാബാദ്: ഇന്ത്യ മിസൈൽ, വ്യോമപ്രതിരോധ, പരമ്പരാഗത ആക്രമണ ശേഷികൾ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണെങ്കിലും ഇന്ത്യയുമായി ആയുധമത്സരത്തിൽ ഏർപ്പെടാൻ പാക്കിസ്ഥാൻ ആഗ്രഹിക്കുന്നില്ലെന്നും പാക് ലഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷരീഫ് ചൗധരി. അഹമ്മദ് ഷെരീഫ് ചൗധരി അൽ അറബിയ ഇംഗ്ലീഷിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
“ഇന്ത്യക്കാരുമായി ആയുധമത്സരത്തിനായി ഞങ്ങൾ ശ്രമിക്കുന്നില്ല,” എന്നായിരുന്നു ഇന്ത്യയുടെ മിസൈൽ, വ്യോമപ്രതിരോധ, പരമ്പരാഗത ആക്രമണ ശേഷികളുടെ വികസനത്തെക്കുറിച്ചുള്ള ചോദ്യത്തിന് ചൗധരിയുടെ മറുപടി. ഇന്ത്യയുടെ സൈനിക ശേഷിയെ പാക്കിസ്ഥാൻ ബഹുമാനിക്കുന്നുണ്ടെന്നും രാജ്യത്തിന്റെ സൈനിക ആയുധശേഖരം വിപുലീകരിക്കുന്നതിനായി ഇന്ത്യ വലിയ തോതിൽ വിഭവങ്ങൾ വിനിയോഗിക്കുന്നതിന്റെ കാരണം മനസ്സിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അതിന്റെ പേരിൽ ഇന്ത്യയുമായി ഏതെങ്കിലും തരത്തിലുള്ള ആയുധമത്സരത്തിൽ പാക്കിസ്ഥാൻ ഏർപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം പാക്കിസ്ഥാന്റെ സൈനിക ശേഷികളെ പ്രതിരോധപരമായാണ് ചൗധരി വിശേഷിപ്പിച്ചത്. ലോകത്തിലെ ഒരു രാജ്യത്തിനെതിരെയും പാക്കിസ്ഥാന് ആക്രമണാത്മക പദ്ധതികളില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
“ഞങ്ങളുടെ പ്രതിരോധ ശേഷികളിൽ ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്. ആദ്യം രാജ്യത്തെ പ്രതിരോധിക്കാനും, ആവശ്യമെങ്കിൽ തിരിച്ചടിക്കാനും ഞങ്ങൾക്ക് കഴിയും,” ചൗധരി പറഞ്ഞു. അതേസമയം, ഇന്ത്യ മിസൈൽ, വ്യോമപ്രതിരോധ മേഖലകളിൽ തുടർച്ചയായി പുതിയ സംവിധാനങ്ങൾ വികസിപ്പിക്കുകയും പരീക്ഷിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പാക്കിസ്ഥാൻ സൈനിക നേതൃത്വത്തിന്റെ പ്രതികരണം.
മേയിൽ ഇന്ത്യ മൾട്ടിപ്പിൾ ഇൻഡിപെൻഡന്റ്ലി ടാർഗറ്റഡ് റീ-എൻട്രി വെഹിക്കിൾ (MIRV) സംവിധാനമുള്ള അഡ്വാൻസ്ഡ് അഗ്നി മിസൈലിന്റെ വിജയകരമായ പരീക്ഷണം നടത്തിയിരുന്നു. ഒരൊറ്റ മിസൈൽ ഉപയോഗിച്ച് ഭൂമിശാസ്ത്രപരമായി വ്യത്യസ്തമായ നിരവധി ലക്ഷ്യങ്ങളെ ആക്രമിക്കാൻ കഴിയുന്ന ശേഷിയാണ് പരീക്ഷണത്തിലൂടെ തെളിയിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.
ജൂലൈയിൽ ഇന്ത്യ കുഷ ദീർഘദൂര സർഫസ്-ടു-എയർ മിസൈലിന്റെ ആദ്യ വിമാനപരീക്ഷണവും നടത്തി. യുദ്ധവിമാനങ്ങൾ, മിസൈലുകൾ, ആളില്ലാ വ്യോമവാഹനങ്ങൾ (UAV) ഉൾപ്പെടെയുള്ള വ്യോമ ഭീഷണികളെ നേരിടുന്നതിനായി രൂപകൽപ്പന ചെയ്ത സംവിധാനമാണിതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
2026ൽ ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ VSHORADS ഇന്റർസെപ്റ്റർ പരീക്ഷണങ്ങൾ, പുതിയ റഡാറുകളുടെ ഏറ്റെടുക്കൽ, ഡ്രോൺ വിരുദ്ധ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള പ്രതിരോധ ഉപകരണങ്ങളുടെ വാങ്ങലിനായുള്ള നിർദേശങ്ങൾ എന്നിവയും ഉണ്ടായിട്ടുണ്ട്. MRSAM, V-SHORADS, ആന്റി-ഡ്രോൺ സംവിധാനങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന വലിയ പ്രതിരോധ സംഭരണ പാക്കേജിനും ജൂലൈയിൽ നിർദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു.
ഇതിന് പുറമെ, DRDO വികസിപ്പിച്ച പരമ്പരാഗത മിസൈൽ സംവിധാനങ്ങളുടെ സാങ്കേതികവിദ്യ ഇന്ത്യൻ വ്യവസായ മേഖലയിലേക്ക് കൈമാറുന്നതിനും പ്രതിരോധ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. രാജ്യത്തിനുള്ളിലെ പ്രതിരോധ ഉൽപാദനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഇന്ത്യയുടെ പ്രതിരോധ ശേഷി വികസിക്കുന്ന സാഹചര്യത്തിലും അതിന് സമാനമായ ആയുധ മത്സരത്തിലേക്ക് കടക്കില്ലെന്ന നിലപാടാണ് പാക്കിസ്ഥാൻ സൈനിക നേതൃത്വം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.






