തിരുവനന്തപുരം: റിപ്പോർട്ടർ ചാനൽ മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ആന്റോ അഗസ്റ്റിൻ പല കേസുകളിലും പ്രതിയാണെന്നും ‘ഇതാണോ മാധ്യമപ്രവർത്തനം?’ എന്നും മുഖ്യമന്ത്രി ചോദിച്ചു. ഇന്ത്യ ടുഡേ റൗണ്ട് ടേബിൾ കോൺക്ലേവിൽ ഉയർന്ന ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആന്റോ അഗസ്റ്റിൻ നിരവധി വഞ്ചനാക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ജിഎസ്ടി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലും പേര് ഉയർന്നിട്ടുണ്ട്. ഗുരുതരമായ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചുവരികയാണെന്നും സതീശൻ പറഞ്ഞു.
കോടതിയിൽനിന്നുള്ള വാറന്റിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നും പൊലീസ് ഇക്കാര്യത്തിൽ വലിയ സംശയത്തോടെയാണ് നീങ്ങിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിശോധനയ്ക്ക് ഏതെങ്കിലും വാർത്തയുമായി ബന്ധമില്ലെന്നും ഗുരുതരമായ കുറ്റകൃത്യവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടിൽ നടത്തിയ പരിശോധനയിൽ 136 കുപ്പി മദ്യം കണ്ടെത്തിയെന്നാണ് മുഖ്യമന്ത്രിയുടെ പരാമർശം. ഇത് എക്സൈസ് നിയമത്തിന്റെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ സ്ഥാപനത്തിൽനിന്ന് ഡോളർ കണ്ടെത്തിയെന്നും സതീശൻ ആരോപിച്ചു.
റെയ്ഡിനെ പ്രതിപക്ഷം എതിർത്തതിനെക്കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. മുൻ മുഖ്യമന്ത്രി പിണറായി വിജയനും പരിശോധനയെ എതിർത്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ആദ്യമായല്ല മാധ്യമസ്ഥാപനങ്ങളിൽ പരിശോധന നടക്കുന്നതെന്നും മംഗളം, ഏഷ്യാനെറ്റ് തുടങ്ങിയ സ്ഥാപനങ്ങളിലും മുമ്പ് പരിശോധന നടന്നിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.
അതേസമയം, ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയെന്നാരോപിക്കുന്ന തട്ടിപ്പ് കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടിലും റിപ്പോർട്ടർ സ്ഥാപനത്തിലും പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ വീട്ടിൽനിന്ന് അനുവദനീയമായ പരിധിയിലധികം മദ്യം കണ്ടെത്തിയതിനെ തുടർന്ന് എക്സൈസ് സംഘം സ്ഥലത്തെത്തി മദ്യം പിടിച്ചെടുത്തു.
തുടർന്ന് അബ്കാരി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. വ്യാഴാഴ്ച പുലർച്ചെ കൊച്ചി കളമശേരിയിലെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഓഫീസിലെത്തിയ എക്സൈസ് സംഘം ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തു. അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് ശേഷം വയനാട്ടിലേക്ക് കൊണ്ടുപോയി.






