വടകര: മരച്ചില്ലകൾ വെട്ടാൻ ജീപ്പിൽ കൊണ്ടുപോവുകയായിരുന്ന കെഎസ്ഇബിയുടെ തോട്ടിയിൽ കെട്ടിയ അരിവാൾ തട്ടി കാൽനടയാത്രക്കാരിക്ക് ഗുരുതര പരുക്ക്. കാൽനട യാത്രക്കാരിയായ മണിയൂർ ചെല്ലട്ട് പൊയിൽ കാളാംപുതുക്കുടി ജാനകി(75)ക്കാണ് ഗുരുതര പരുക്കേറ്റത്. ജീപ്പിന് മുകളിൽ കെട്ടിവെച്ച തോട്ടിയുടെ ആണിയിളകി അരിവാൾ ഊരിവീണാണ് അപകടം.
വടകര മണിയൂർ ഹൈസ്‌കൂളിന് സമീപം ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവമുണ്ടായത്. കെഎസ്ഇബി മണിയൂർ സെക്ഷന്റെ ജീപ്പിൽ കൊണ്ടുപോയ അരിവാളാണ് അപകടമുണ്ടാക്കിയത്. അരിവാൾ കൊണ്ട് ജാനകിയുടെ വയർ കീറിയനിലയിലായിരുന്നു. യാത്രക്കിടെ ബോൾട്ട് ഇളകി കൊടുവാൾ തെറിച്ചു പൊകുകയായിരുന്നെന്നാണ് വിവരം. ഈ ജീപ്പിൽത്തന്നെ ഇവരെ വടകര ഗവ. ജില്ലാ ആശുപത്രിയിലെത്തിച്ചു. പിന്നീട് സഹകരണ ആശുപത്രിയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും മാറ്റി.






