കൊച്ചി: അടുത്ത പതിറ്റാണ്ടോടെ രാജ്യത്തെ കുടുംബ ബിസിനസ് രംഗത്ത് കാതലായ മാറ്റങ്ങൾക്ക് സാധ്യതയെന്ന് കെ.പി.എം.ജി. (KPMG) ഗ്ലോബൽ ഫാമിലി ബിസിനസ് റിപ്പോർട്ട്. നിലവിൽ 49 ശതമാനമുള്ള കുടുംബ നിയന്ത്രിത ബിസിനസുകളുടെ വിഹിതം 2035-ഓടെ 12 ശതമാനമായി ചുരുങ്ങുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത് . ബിസിനസുകളുടെ വ്യാപ്തി വർദ്ധിക്കുന്നതും പ്രവർത്തനങ്ങൾ കൂടുതൽ സങ്കീർണ്ണവും ആഗോളതലത്തിലേക്ക് വ്യാപിക്കുന്നതുമാണ് പ്രൊഫഷണൽ മാനേജ്‌മെന്റിലേക്ക് മാറാൻ ഇത്തരം സ്ഥാപനങ്ങളെ പ്രേരിപ്പിക്കുന്നത്.
കൊച്ചിയിൽ സംഘടിപ്പിച്ച സി.ഐ.ഐ. (CII) ഫാമിലി ബിസിനസ് കോൺക്ലേവിലാണ് റിപ്പോർട്ടിലെ കണ്ടെത്തലുകൾ ചർച്ചയായത്. ‘പാരമ്പര്യം നിലനിർത്താം, ലക്ഷ്യബോധത്തോടെ വളരാം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രമുഖ വ്യവസായ പ്രൊമോട്ടർമാർ, പുതിയ തലമുറയിലെ സംരംഭകർ, നിക്ഷേപകർ എന്നിവർ പങ്കെടുത്തു.
കുടുംബ ബിസിനസുകളിൽ പ്രൊഫഷണലൈസേഷൻ കൊണ്ടുവരുന്നത് കുടുംബത്തിന്റെ സ്വാധീനം കുറയ്ക്കാനല്ലെന്നും, ഭരണനിർവ്വഹണത്തിൽ കൂടുതൽ കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കാനാണെന്നും കോൺക്ലേവ് വിലയിരുത്തി.
പുതിയ തലമുറയ്ക്ക് വഴികാട്ടണം
ഉടമസ്ഥാവകാശം വെറുതെ കൈമാറുന്നതിലുപരി, ഉത്തരവാദിത്തവും സംരംഭകത്വ മികവും അടുത്ത തലമുറയ്ക്ക് പകർന്നുനൽകുന്നതാകണം പിന്തുടർച്ചാവകാശ മര്യാദകളെന്ന് വക്താക്കൾ അഭിപ്രായപ്പെട്ടു. സ്ഥാപകരുടെ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുമ്പോൾ തന്നെ, പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ കൊണ്ടുവരാൻ പുതിയ തലമുറയ്ക്ക് സ്വാതന്ത്ര്യം നൽകണം.
കുടുംബത്തിന് പുറത്തുനിന്നുള്ള കഴിവുറ്റ പ്രൊഫഷണലുകളെ ആകർഷിക്കുക എന്നതാണ് കുടുംബ ബിസിനസുകൾ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും കെ.പി.എം.ജി. റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
നാടൻ വേരുകളിൽ നിന്ന് ആഗോള തലത്തിലേക്ക്
പ്രാദേശിക തലത്തിൽ തുടങ്ങി ആഗോള തലത്തിലേക്ക് വളരുമ്പോൾ കുടുംബ ബിസിനസുകൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാനും മിൽക്കി മിസ്റ്റ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സതീഷ് കുമാറും സംസാരിച്ചു.
“പ്രാദേശികമായ വേരുകളിൽ ഉറച്ചുനിന്നുകൊണ്ടുതന്നെ ആഗോളതലത്തിൽ ബിസിനസ് വ്യാപിപ്പിക്കാൻ കുടുംബ സംരംഭങ്ങൾക്ക് കഴിയും. വ്യവസായ അന്തരീക്ഷത്തിലും വിപണിയിലും വരുന്ന മാറ്റങ്ങൾ മുൻകൂട്ടി കണ്ട് തലമുറമാറ്റം കൃത്യമായി ആസൂത്രണം ചെയ്യുകയാണ് ഇതിന് പ്രധാനം,” ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ ചൂണ്ടിക്കാട്ടി.
ഇൻകെൽ മാനേജിംഗ് ഡയറക്ടറും മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയുമായ ഡോ. കെ. ഇളങ്കോവൻ ഐ.എ.എസ്. (റിട്ട.) കോൺക്ലേവ് ഉദ്ഘാടനം ചെയ്തു.’സക്‌സഷൻ പ്ലാനിംഗ്’ ചർച്ചയിൽ സന്തോഷ് കുമാർ (ഹാരിസൺസ് മലയാളം), പ്രകാശ് പട്ടാഭിരാമൻ (കല്യാൺ സിൽക്സ്), റമീസ് മൊയ്തു (കേരള റോഡ്‌വേസ്), സാറ ജേക്കബ് (ട്രൈൻ ഹോൾഡിംഗ്സ്) തുടങ്ങിയവർ പങ്കെടുത്തു. വിവേക് കൃഷ്ണ ഗോവിന്ദ് മോഡറേറ്ററായിരുന്നു.
‘നെക്സ്റ്റ് ജെൻ ലീഡർഷിപ്പ്’ സുസന്ന മുത്തൂറ്റ് (മുത്തൂറ്റ് ഹൗസിംഗ്), അമുധവല്ലി രംഗനാഥൻ (കവിൻകെയർ), എ ആർ ആരതി വർമ (വർമ ഹോംസ്) എന്നിവർ ആശയങ്ങൾ പങ്കുവെച്ചു.
ഫാമിലി ഡൈനാമിക്‌സും സാമ്പത്തിക ഭാവിയും എന്ന വിഷയത്തിലെ ചർച്ചയിൽ മിഥുൻ കെ. ചിറ്റിലപ്പിള്ളി (വി-ഗാർഡ്), അരുൺ കെ. ചിറ്റിലപ്പിള്ളി (വണ്ടർലാ), അഖിലേഷ് അഗർവാൾ (അക്യുമെൻ ക്യാപിറ്റൽ) എന്നിവർ പങ്കെടുത്തു.
സി.ഐ.ഐ. കേരള സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ ജോസഫ് എം. കല്ലുവയലിൽ, നുവാമ ഗ്രൂപ്പ് ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ് കോ-ഹെഡ് രാജീവ് വർമ്മ, നാച്ചുറൽസ് സലൂൺ കൺവീനർ സി.കെ. കുമാരവേൽ എന്നിവരും സംസാരിച്ചു.




