തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേരിൽ ഉയർന്ന വ്യാജ രണ്ടാം വിവാഹ ആരോപണത്തിൽ കേസെടുക്കാൻ നിർദേശം. കോൺഗ്രസ് നേതാവ് രാജു പി. നായർ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ നടപടി സ്വീകരിച്ചത്.
റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ ഒരു ചടങ്ങിൽ നടത്തിയ വെളിപ്പെടുത്തലാണ് പരാതിക്ക് ആധാരം. കർണാടകയിലെ ബൈന്തൂർ സബ് രജിസ്ട്രാർ ഓഫീസിൽ മുഖ്യമന്ത്രി രണ്ടാം വിവാഹം രജിസ്റ്റർ ചെയ്തതായുള്ള രേഖയുമായി രണ്ട് യുവാക്കൾ തന്നെ സമീപിച്ചിരുന്നുവെന്നാണ് ആന്റോ പറഞ്ഞത്. വാർത്ത നൽകണമെന്ന് ആവശ്യപ്പെട്ടാണ് യുവാക്കൾ എത്തിയതെന്നും രേഖയുടെ ആധികാരികത ബോധ്യപ്പെടാത്തതിനാൽ വാർത്ത നൽകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് രാജു പി. നായർ പോലീസിൽ പരാതി നൽകിയത്. മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തുകയും വ്യാജരേഖ നിർമിക്കുകയും ചെയ്തവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനും തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അസ്ഥിരപ്പെടുത്താനും ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്നും പരാതിയിൽ ആരോപിക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് യുവാക്കളെ കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഡിജിപി പരാതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ അരുൾ ബി. കൃഷ്ണയ്ക്ക് കൈമാറുകയായിരുന്നു.
തുടർന്ന് കേസെടുക്കണമെന്ന നിർദേശത്തോടെ കമ്മിഷണർ പരാതി തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അസിസ്റ്റന്റ് കമ്മിഷണർക്ക് കൈമാറി. ഉടൻ കേസ് രജിസ്റ്റർ ചെയ്ത് ആരോപണത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള നടപടികൾ ആരംഭിക്കുമെന്ന് പൊലീസ് അറിയിച്ചു.




