ഗാസിയാബാദ്: വളർത്തുനായയെ ലിഫ്റ്റിൽ കയറ്റുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം ചെന്നുനിന്നത് പൊരിഞ്ഞ അടിയിൽ. ഗാസിയാബാദിലെ രാജ് നഗർ എക്സ്റ്റൻഷനിലുള്ള വിൻഡ്സർ പാരഡൈസ് സൊസൈറ്റിയിലാണ് സ്കൂൾ അധ്യാപികയെ ഒരു യുവതി വടികൊണ്ടും കൈകൊണ്ടു മർദിച്ചതായി ആരോപണമുയർന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സെപ്റ്റംബർ 12ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. ഇന്ദിരാപുരത്തെ സ്കൂളിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അധ്യാപിക ഹിന ബാരിയാണ് സംഭവത്തിൽ പരാതി നൽകിയിരിക്കുന്നത്. ലിഫ്റ്റിനുള്ളിൽ നായയെച്ചൊല്ലി രണ്ട് സ്ത്രീകൾ തമ്മിൽ വാക്കുതർക്കമുണ്ടാകുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത്. തർക്കം രൂക്ഷമായതോടെ ഒരാൾ മറ്റേയാളെ വടികൊണ്ട് അടിക്കുകയും പിന്നാലെ മുഖത്തടിക്കുകയും ചെയ്തു. ഇതോടെ രണ്ടാമത്തെ സ്ത്രീയും തിരിച്ചടിച്ചതോടെ ഇരുവരും തമ്മിൽ ശാരീരിക ഏറ്റുമുട്ടലുണ്ടായി. പിന്നീട് ലിഫ്റ്റിന് പുറത്തുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരൻ ഇടപെട്ടാണ് ഇരുവരെയും വേർപെടുത്തിയത്.
പോലീസിൽ നൽകിയ പരാതിയിൽ, ഹിന ലിഫ്റ്റിൽ കയറുമ്പോൾ ശ്വേത സുബെ എന്ന സ്ത്രീ തന്റെ വളർത്തുനായയുമായി ലിഫ്റ്റിനുള്ളിൽ ഉണ്ടായിരുന്നുവെന്ന് പറയുന്നു. മറ്റ് താമസക്കാർക്ക് ലിഫ്റ്റിൽ കയറാൻ ശ്വേത അനുവദിച്ചില്ലെന്നും ഇതിനെച്ചൊല്ലിയാണ് തർക്കം ആരംഭിച്ചതെന്നും ഹിനയുടെ പരാതിയിൽ പറയുന്നു.
സംഭവത്തിന് പിന്നാലെ ഹിന നന്ദ്ഗ്രാം പോലീസ് സ്റ്റേഷനിലെത്തി രേഖാമൂലം പരാതി നൽകി. പ്രതിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. പരാതി പോലീസ് പരിശോധിച്ചുവരികയാണെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു. തർക്കത്തിന്റെ യഥാർഥ കാരണം വ്യക്തമാക്കുന്നതിനായി സൊസൈറ്റിയിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.






