ദുബായ്: വനിതാ ഏഷ്യാ കപ്പ് 2026 ഫൈനലിലും കഴിഞ്ഞ വർഷത്തെ പുരുഷ ഏഷ്യാ കപ്പ് ഫൈനലിന് സമാനമായ ട്രോഫി വിവാദമുണ്ടായതിനു പിന്നിൽ. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (ACC) അധ്യക്ഷനും പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രിയുമായ മൊഹ്സിൻ നഖ്‌വിയുടെ വാശി.
കിരീടം നേടിയ ഇന്ത്യൻ വനിതാ ടീമിന് ട്രോഫി കൈമാറാൻ നഖ്‌വി വേദിയിലെത്തിയെങ്കിലും, അദ്ദേഹത്തിന്റെ കൈയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ ഹർമൻപ്രീത് കൗറും സംഘവും തയ്യാറായില്ല. ഇതോടെ കഴിഞ്ഞ വർഷം സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പുരുഷ ടീമിനെ ചുറ്റിപ്പറ്റിയുണ്ടായ വിവാദം വീണ്ടും ആവർത്തിക്കുകയായിരുന്നു.
ഫൈനലിന് ശേഷം നടന്ന പുരസ്കാരദാന ചടങ്ങിൽ ശ്രീലങ്കയ്ക്കാണ് റണ്ണേഴ്‌സ് അപ്പ് മെഡലുകളും സമ്മാനത്തുകയും കൈമാറിയത്. എന്നാൽ ജേതാക്കളായ ഇന്ത്യ ട്രോഫി ഏറ്റുവാങ്ങാതിരുന്നതോടെ പുരസ്കാരദാന ചടങ്ങ് ഏകദേശം 90 മിനിറ്റോളം വൈകി. ഒടുവിൽ മൊഹ്സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കേണ്ടതില്ലെന്ന നിലപാടിൽ ഇന്ത്യൻ ടീം ഉറച്ചുനിന്നു.
ഇന്ത്യയുടെ നിലപാട് ഫൈനൽ ആരംഭിക്കുന്നതിന് മുമ്പ് തന്നെ മൊഹ്സിൻ നഖ്‌വിയെ അറിയിച്ചിരുന്നുവെങ്കിലും അദ്ദേഹം തന്റെ നിലപാടിൽ ഉറച്ചുനിന്നതായി പാക്കിസ്ഥാൻ മാധ്യമമായ ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. നഖ്‌വി തന്നെ ട്രോഫി കൈമാറണമെന്ന നിലപാടിൽ അദ്ദേഹം മാറ്റം വരുത്തിയില്ലെന്നാണ് റിപ്പോർട്ടിലെ പ്രധാന വെളിപ്പെടുത്തൽ.
“ട്രോഫി വിജയികളായ ഇന്ത്യൻ ടീമിനായി ലഭ്യമാണ്” എന്നാണ് ACC വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നത്. കഴിഞ്ഞ വർഷത്തെ പുരുഷ ഏഷ്യാ കപ്പിന്റെ ട്രോഫിയും ഇന്ത്യൻ ടീമിന് കൈപ്പറ്റാൻ ലഭ്യമാണെന്നും ACC വൃത്തങ്ങൾ വ്യക്തമാക്കി. “ഞങ്ങളുടെ നിലപാടിൽ മാറ്റമില്ല” എന്നും വൃത്തങ്ങൾ പറഞ്ഞതായി റിപ്പോർട്ടിലുണ്ട്.
അതേസമയം കഴിഞ്ഞ വർഷത്തെ പുരുഷ ഏഷ്യാ കപ്പ് ഫൈനലിലും സമാനമായ സാഹചര്യമായിരുന്നു ഉണ്ടായത്. ഇന്ത്യ കിരീടം നേടിയെങ്കിലും പാക്കിസ്ഥാൻ രാഷ്ട്രീയ നേതാവായ നഖ്‌വിയിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങാൻ ഇന്ത്യൻ ടീം തയ്യാറായിരുന്നില്ല. തുടർന്ന് ട്രോഫി അവതരണ വേദിയിൽ നിന്ന് മാറ്റുകയും വിഷയം വലിയ വിവാദമായി മാറുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ മൊഹ്സിൻ നഖ്‌വി ബിസിസിഐയുമായി പലതവണ ചർച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ട്രോഫി തന്റെ ഓഫീസിൽ നിന്ന് ഇന്ത്യൻ ടീമിന് ഏറ്റുവാങ്ങാമെന്നും എന്നാൽ അതിനായി ഒരു പ്രത്യേക അനുമോദന ചടങ്ങ് സംഘടിപ്പിക്കണമെന്നും അദ്ദേഹം ബിസിസിഐയെ അറിയിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. ചടങ്ങിൽ ട്രോഫി താൻ നേരിട്ട് ഇന്ത്യൻ ടീമിന് കൈമാറണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
പിന്നീട് നഖ്‌വി നിലപാട് അൽപം മയപ്പെടുത്തിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നേരിട്ട് തന്റെ ഓഫീസിലെത്തി ട്രോഫി ഏറ്റുവാങ്ങുകയാണെങ്കിൽ അത് കൈമാറാമെന്ന നിലപാടിലേക്കാണ് അദ്ദേഹം എത്തിയതെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ബിസിസിഐ ഈ ആവശ്യം അംഗീകരിച്ചില്ല. ഇപ്പോഴത്തെ വനിതാ ഏഷ്യാ കപ്പ് വിവാദത്തിലും നഖ്‌വി തന്റെ മുൻ നിലപാടിൽ നിന്ന് “ഒരിഞ്ച് പോലും” പിന്നോട്ടുപോയിട്ടില്ലെന്നാണ് പാക്കിസ്ഥാൻ മാധ്യമ റിപ്പോർട്ട് വ്യക്തമാക്കുന്നത്.






